കോടതിയലക്ഷ്യം: വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ച് സുപ്രീംകോടതി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ കേസിൽ കോടതി ഉത്തരവ് ലംഘിച്ച് 2017ൽ മകൾക്ക് 40 ദശലക്ഷം ഡോളർ നൽകിയതിൽ വിജയ് മല്യ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.

Update: 2022-07-11 06:25 GMT
Editor : Sikesh | By : Web Desk
Advertising

ഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യക്ക് കോടതിയലക്ഷ്യ കേസിൽ നാല് മാസം തടവും രണ്ടായിരം രൂപ പിഴയും ശിക്ഷയായി വിധിച്ച് സുപ്രീംകോടതി. ഒരു മാസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി ശിക്ഷ അനുഭവിക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ കേസിൽ കോടതി ഉത്തരവ് ലംഘിച്ച് 2017ൽ മകൾക്ക് 40 ദശലക്ഷം ഡോളർ നൽകിയതിൽ വിജയ് മല്യ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.

ബ്രിട്ടനിലേക്ക് ഒളിച്ചുകടന്ന മല്യയുടെ അഭാവത്തിലാണ് കേസിൽ വിചാരണ പൂർത്തിയാക്കിയത്. ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരുടെ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. കോടതി ഉത്തരവ് ലംഘിച്ച് മകൾക്ക് കൈമാറിയ 40 ദശലക്ഷം ഡോളർ പലിശ സഹിതം നാല് ആഴ്ചക്കുള്ളിൽ തിരികെ നൽകാനും കോടതി ഉത്തരവിട്ടു. തുക നൽകിയില്ലെങ്കിൽ ബാങ്കുകൾക്ക് മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് കടക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. വിവിധ ബാങ്കുകൾക്ക് മല്യ നൽകാനുണ്ടായിരുന്ന 6,400 കോടിരൂപ നൽകാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാത്തിനെതിനെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ വിധി.

ഇന്ത്യയിലെ മദ്യ വ്യവസായ രംഗത്തെ അതികായന്മാരിൽ പ്രധാനിയായ, രാജ്യസഭാ അംഗം കൂടിയായിരുന്ന വിജയ് മല്യ എസ്ബിഐ ഉൾപ്പെടെ 13 ഇന്ത്യൻ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത ശേഷം തുക തിരിച്ചടയ്ക്കാതെ 2016 മാർച്ച് രണ്ടിനാണ് ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് കടന്നത്. തുടർന്ന് 2021ൽ വിജയ് മല്യയെ യുകെയിലെ കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു.ബ്രിട്ടനിൽ മൂന്നു വർഷത്തെ കോടതി നടപടികൾക്കു ശേഷം, തുടർനടപടികൾക്കായി ഇന്ത്യയിലേക്കു നാടുകടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇപ്പോൾ ജാമ്യത്തിലാണ് മല്യ.

നിലവിൽ ബ്രിട്ടനിൽ അഭയം ചോദിച്ച മല്യയുടെ അപേക്ഷ ബ്രിട്ടിഷ് സർക്കാരിന്റെ പരിഗണനയിലാണ്. കിങ് ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ എൻഫോഴ്‌സ്‌മെന്റും സിബിഐയും വിജയ് മല്യയ്‌ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. തുടർന്ന് ഫ്രാൻസിലെ 14 കോടിയിലേറെ വിലമതിക്കുന്ന വിജയ് മല്യയുടെ സ്വത്തുക്കൾ ഇഡിയുടെ അഭ്യർത്ഥന പ്രകാരം ഫ്രാൻസ് അധികൃതർ കണ്ടുകെട്ടിയിരുന്നു.

Tags:    

Writer - Sikesh

contributor

Editor - Sikesh

contributor

By - Web Desk

contributor

Similar News