''മുങ്ങാന്‍ പോകുന്ന ദ്വീപിനെക്കുറിച്ച് മന്ത്രിയുടെ അപായമണി''; തുവാലു ദ്വീപിനെക്കുറിച്ച് അറിയേണ്ടതെല്ലാം

കടലില്‍ മുട്ടറ്റം മുങ്ങിനിന്ന് പ്രസംഗിച്ച് ഒരു മന്ത്രി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു കഴിഞ്ഞ ദിവസം. തുവാലു എന്ന ദ്വീപുരാജ്യത്തിന്റെ വിദേശകാര്യ മന്ത്രി സിമോന്‍ കോഫെ ആയിരുന്നു അത്. എന്താണ് തുവാലു ദ്വീപിന്റെ പ്രത്യേകതയെന്ന് അറിയാം

Update: 2021-11-10 14:32 GMT
Editor : Shaheer | By : Web Desk
Advertising

ഗ്ലാസ്‌ഗോയിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ സമ്മേളനത്തിന്റെ ഭാഗമായി കടലിൽ മുട്ടറ്റം മുങ്ങിനിന്ന് പ്രസംഗിച്ച് ഒരു രാഷ്ട്രപ്രതിനിധി വാർത്തകളിൽ നിറഞ്ഞിരുന്നു കഴിഞ്ഞ ദിവസം. തുവാലു എന്ന ദ്വീപരാജ്യത്തിന്റെ വിദേശകാര്യ മന്ത്രി സിമോൻ കോഫെ ആയിരുന്നു ടൈയും സ്യൂട്ടുമിട്ട് കടലിൽ നിന്ന് യുഎൻ സമ്മേളത്തെ അഭിസംബോധന ചെയ്തത്. കാലാവസ്ഥാ വ്യതിയാനം കാരണം തന്റെ രാജ്യം നേരിടുന്ന അപകടഭീഷണിയുടെ ഗൗരവം ലോകത്തെ ഉണർത്താനായിരുന്നു സിമോൻ ഈ തന്ത്രം പയറ്റിയത്.

സിമോന്റെ 'കടൽപ്രസംഗ' വാർത്ത വായിച്ചായിരിക്കും പലരും തുവാലു എന്ന രാജ്യത്തെക്കുറിച്ച് തന്നെ കേൾക്കുന്നത്. ലോകം മുഴുവൻ കോവിഡിന്റെ ഭീതിയിൽനിന്ന് ഇനിയും മുക്തമാകാതെ നിൽക്കുമ്പോൾ മഹാമാരി തുവാലുക്കാരെ അൽപം പോലും പേടിപ്പെടുത്തുന്നില്ല. ലോകത്തെ ഏറ്റവും ഒറ്റപ്പെട്ടുകിടക്കുന്ന ദ്വീപുരാജ്യമാണ് തുവാലുവെന്നതു തന്നെയാണതിനു കാരണം. പുറത്തുനിന്ന് വല്ലപ്പോഴും ഒന്നോ രണ്ടോ വിനോദസഞ്ചാരികൾ വന്നാലായി! അല്ലാതെ വിദേശികളാരും ഇങ്ങോട്ടൊന്ന് എത്തിനോക്കുക പോലുമില്ല. വെറും 11,000മാണ് ഇവിടത്തെ ജനസംഖ്യ എന്നതാണ് ഏറെ രസകരം. നമ്മുടെ നാട്ടിലെ ഒരു സാധാരണ പഞ്ചായത്തിന്റെ അത്രപോലും ആൾപാർപ്പില്ല! പ്രകൃതിരമണീയക്കാഴ്ചകൾകൊണ്ട് സമ്പന്നമായ ഈ ദ്വീപുലോകം ഇനിയും സഞ്ചാരികളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുമില്ല.


ഒറ്റ ബാങ്ക്; ഒരേയൊരു വിമാനത്താവളം

പസഫിക് സമുദ്രത്തിലെ ഒരു ഒറ്റപ്പെട്ട ദ്വീപുരാജ്യമാണ് തുവാലു. ഹവായിക്കും ആസ്‌ട്രേലിയയ്ക്കുമിടയിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ഒൻപത് പവിഴദ്വീപുകൾ ചേർന്നുള്ള ദ്വീപുരാജ്യം. ഏറ്റവും പുതിയ കണക്കുപ്രകാരം 11,792 ആണ് ഇവിടത്തെ ജനസംഖ്യ.

ഫുനാഫുട്ടിയാണ് രാജ്യതലസ്ഥാനം. മിക്കവാറും സർക്കാർ ഓഫീസുകളും വാണിജ്യസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത് ഇവിടെത്തന്നെയാണ്. അതിനാൽ ജനസംഖ്യയുടെ മൂന്നിലൊന്നും കഴിയുന്നത് ഫുനാഫുട്ടിയിൽ തന്നെ.

ബ്രിട്ടീഷ് അധിനിവേശത്തിനുകീഴിലായിരിക്കെ ബ്രിട്ടീഷ് ഗിൽബർട്ട്, എലിസ് ദ്വീപുകൾ ചേർന്ന പ്രദേശമായിരുന്നു ഇത്. 1978ലാണ് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടുന്നത്. എന്നാൽ, ഇപ്പോഴും എലിസബത്ത് രാജ്ഞിയാണ് രാജ്യത്തിന്റെ അധിപ. പാർലമെന്ററി സംവിധാനത്തിലുള്ള സർക്കാരിനെ നയിക്കുന്നത് പ്രധാനമന്ത്രിയും.

ദ്വീപിലെവിടെയും പുഴയോ വലിയ തോതിലുള്ള തോടുകളോ ഒന്നുമില്ല. കിണറുകളും മഴസംഭരണികളുമൊക്കെയാണ് വെള്ളത്തിനായി ജനങ്ങൾ ആശ്രയിക്കുന്നത്. ദ്വീപിലെ മണ്ണ് കൃഷിക്ക് അനുയോജ്യമല്ല. അതിനാൽ, തെങ്ങ്, കടച്ചക്ക, വാഴപ്പഴം, ചേമ്പ്, കൈത എന്നിങ്ങനെ പരിമിതമായ രീതിയിലുള്ള കൃഷിയേ ഇവിടെ നടക്കുന്നുള്ളൂ. ഭക്ഷണത്തിനാവശ്യമായ സാധനങ്ങൾ പുറത്തുനിന്നു വന്നിട്ടുതന്നെ വേണം.


കടൽമത്സ്യങ്ങൾ തന്നെയാണ് നാട്ടുകാർ കാര്യമായി ഭക്ഷണത്തിന് ആശ്രയിക്കുന്നത്. ഇതോടൊപ്പം കോഴി, പന്നി എന്നിവയെ വളർത്തുകയും ചെയ്യുന്നുണ്ട്. ഭക്ഷ്യവസ്തുക്കൾക്കു പുറമെ ഇന്ധനവും മറ്റു ചരക്കുകളുമെല്ലാം പുറംലോകത്തുനിന്ന് എത്തണം.

യുഎൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളെയും അയൽരാജ്യങ്ങളെയുമെല്ലാം ആശ്രയിച്ചാണ് രാജ്യത്തിന്റെ സമ്പദ്ഘടന നിലനിൽക്കുന്നത്. ഫിജി, ആസ്‌ട്രേലിയ, ന്യൂസിലൻഡ്, ജപ്പാൻ തുടങ്ങിയ അയൽരാജ്യങ്ങളാണ് രാജ്യത്തിന്റെ പ്രധാന വ്യാപാരപങ്കാളികൾ. സഹകരണ സ്ഥാപനങ്ങളായാണ് ചെറുകിട കച്ചവടസ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കുന്നത്. ഒറ്റ ബാങ്കേ ഇവിടെയുള്ളൂ. പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഒരൊറ്റ വിമാനത്താവളവും. ഫുനാഫുട്ടിയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

തുവാലുവൻ ആണ് ദ്വീപിലെ സംസാരഭാഷ. സ്‌കൂളുകളിൽ പഠിപ്പിക്കപ്പെടുന്നതിനാൽ ഇംഗ്ലീഷും നാട്ടുകാർക്ക് വഴങ്ങും. ക്രിസ്തുമത വിശ്വാസികളാണ് മഹാഭൂരിഭാഗം പേരും. പഴയ എലിസ് ഐലൻഡ്‌സ് പ്രൊട്ടസ്റ്റന്റ് ചർച്ചായ തുവാലു സഭയ്ക്കു കീഴിൽ വരുന്നവരാണ് എല്ലാവരും.

കുടുംബാസൂത്രണംമൂലം ജനസംഖ്യാ വളർച്ച പറ്റെ കുറഞ്ഞിട്ടുണ്ട്. ജനസംഖ്യയുടെ പത്തു ശതമാനത്തോളം പേർ വിദ്യാഭ്യാസ, ജോലി ആവശ്യാർത്ഥം ദ്വീപിനു പുറത്താണ് കഴിയുന്നത്


ഏതുസമയവും കടലെടുക്കാം

ഏതു സമയത്തും കടലെടുക്കാവുന്ന സ്ഥിതിയാലണ് ഈ ദ്വീപുകളുള്ളത്. സമുദ്രനിരപ്പിനോട് അത്രയും ചേർന്നാണ് നാടിന്റെ ഭൂപ്രകൃതിയിലുള്ളത്. ലോകത്ത് തന്നെ ഏറ്റവും താഴ്ന്നുകിടക്കുന്ന പ്രദേശങ്ങളിലൊന്നുകൂടിയാണ് തുവാലു. സമുദ്രനിരപ്പിൽനിന്ന് വെറും അഞ്ചു മീറ്റർ ഉയരത്തിലാണ് ദ്വീപിലെ ഏറ്റവും ഉയർന്ന പ്രദേശമുള്ളത്.

ദ്വീപിന്റെ കരകളെയും പതുക്കെപ്പതുക്കെ കടലെടുത്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ വലിയ തോതിൽ ദ്വീപിന്റെ സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ദ്വീപ് സമ്പൂർണമായി വെള്ളത്തിനടിയിലാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


അതുകൊണ്ടുതന്നെയാണ് തങ്ങളുടെ നിലനിൽപ്പിനു വേണ്ടി അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാൻ തുവാലു മന്ത്രിക്ക് വേറിട്ടവഴി സ്വീകരിക്കേണ്ടിവന്നത്. ഏറ്റവും ഭീതിതമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നാണ് പ്രസംഗത്തിൽ സിമോൺ കോഫെ പറഞ്ഞത്. ദ്വീപിന്റെ സ്ഥിതി അപകടത്തിലായതിനാൽ മറ്റെവിടെയെങ്കിലും അഭയം പ്രാപിക്കേണ്ട സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News