അരമണിക്കൂറില്‍ ഹൈഫയിലെത്തിയത് 100ലേറെ റോക്കറ്റുകൾ; ഇസ്രായേലിൽ വൻ വ്യോമാക്രമണം
വടക്കൻ ഗസ്സ അതിർത്തിയിൽ ഹമാസ് ആക്രമണത്തിൽ ഒരു ഇസ്രായേൽ സൈനികൻ കൂടി കൊല്ലപ്പെട്ടു
തെൽഅവീവ്: ലബനാനിൽനിന്ന് ഇസ്രായേലിനെ ലക്ഷ്യമിട്ട് റോക്കറ്റ് വർഷം. ഇന്നു രാവിലെ മുതൽ വടക്കൻ ഇസ്രായേൽ നഗരമായ ഹൈഫയിൽ വൻ വ്യോമാക്രമണമാണു നടക്കുന്നത്. അരമണിക്കൂറിനകം 100ലേറെ റോക്കറ്റുകൾ നഗരം ലക്ഷ്യമാക്കി എത്തിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. അതിനിടെ, ഹമാസ് ആക്രമണത്തിൽ ഒരു ഇസ്രായേൽ സൈനികൻ കൂടി കൊല്ലപ്പെട്ടു.
ഇന്നു രാവിലെ മുതൽ ഹൈഫയുടെ വിവിധ ഭാഗങ്ങളിൽ നിരന്തരം അപായ സൈറൺ മുഴങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപ്പർ ഗലീലി, സെൻട്രൽ ഗലീലി, ഹൈഫ ബേ എന്നീ ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. കിർയത് യാം, കിർയത് മോസ്‌കിൻ എന്നിവിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹൈഫയുടെ വിവിധ ഭാഗങ്ങളിലായി ഉഗ്രസ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്തു. ഇന്നു രാവിലെ മുതൽ ഹൈഫ ലക്ഷ്യമാക്കി നിരവധി റോക്കറ്റുകൾ അയച്ചതായി ഹിസ്ബുല്ല പ്രസ്താവനയിൽ അറിയിച്ചു. ഒക്ടോബർ ഏഴ് ആക്രമണത്തിനുശേഷം വടക്കൻ ഇസ്രായേൽ ലക്ഷ്യമിട്ടു നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്യുന്നത്.
ഭൂരിഭാഗം റോക്കറ്റുകളും ഐഎഎഫ് വ്യോമപ്രതിരോധ സംവിധാനം തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്. ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. ചില വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഭൂമിയിൽ പതിച്ച റോക്കറ്റുകൾ കാര്യമായ നഷ്ടങ്ങളുണ്ടാക്കിയിട്ടില്ലെന്ന് ഐഡിഎഫ് അവകാശപ്പെടുന്നു.
അതിനിടെ, വടക്കൻ ഗസ്സ അതിർത്തിയിലുണ്ടായ കരയാക്രമണത്തിനിടെയാണ് 20കാരനായ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടത്. ബിസ്ലാമാഷ് ബ്രിഗേഡിന്റെ 17-ാം ബറ്റാലിയൻ അംഗമായ സ്റ്റാഫ് സർജന്റ് നോം ഇസ്രായേൽ അബ്ദു ആണു കൊല്ലപ്പെട്ടത്. ജബാലിയയിൽ ഹമാസ് പോരാളികളുമായുള്ള ഏറ്റുമുട്ടലിലാണു സംഭവം. ഇന്നലെ ഹിസ്ബുല്ല ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടിരുന്നു.
summary: Over 100 Hezbollah Rockets Fired at Haifa from Lebanon