പെറുവില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് 11 മരണം; ആറുപേര്‍ക്ക് പരിക്ക്, നിരവധിപേരെ കാണാതായി
പെറുവിലെ യൂറിമാഗുവാസ് ജില്ലയിലെ ഹുവാല്ലഗ നദിയിലാണ് അപകടമുണ്ടായത്
പെറുവില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ ഡിഫൻസ് പ്രസ്താവനയില്‍ പറയുന്നു. നിരവധിപേരെ കാണാതായതായും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
പെറുവിലെ യൂറിമാഗുവാസ് ജില്ലയിലെ ഹുവാല്ലഗ നദിയിലാണ് ഞായറാഴ്ച പകല്‍ അപകടമുണ്ടായത്. സാന്‍റാ മരിയയില്‍ നിന്ന് 20 കുട്ടികളടക്കം എണ്‍പതോളം യാത്രക്കാരുമായി യൂറിമാഗുവാസിലേക്ക് പുറപ്പെട്ട ബാര്‍ജ്, യന്ത്രബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മതപരമായ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ബാര്‍ജിലുണ്ടായിരുന്ന യാത്രാസംഘം.
കനത്ത മൂടല്‍മഞ്ഞാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പെറുവിയന്‍ നാവികസേനയും ആരോഗ്യമന്ത്രാലയത്തിനു കീഴിലെ സെക്ടോരിയല്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍ററും അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. അപകടത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.