റഫയില്‍ അഭയാര്‍ഥി ക്യാമ്പിൽ ഇസ്രായേല്‍ ബോംബാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു.
മധ്യഗസ്സയിലെ കുവൈത്തി റൗണ്ടബൗട്ടിലും പട്ടിണിയിലായ മനുഷ്യര്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം നടത്തി.
ഗസ്സ സിറ്റി: ഗസ്സയിലെ റഫയില്‍ അഭയാര്‍ഥികള്‍ താമസിച്ച തമ്പില്‍ ഇസ്രായേല്‍ ബോംബാക്രമണം. 11 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ കൂടുതലും കുട്ടികളാണ്. പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിക്കുന്നത് തുടരുകയാണ്. ഏതാനും ദിവസത്തിനിടെ 18 പിഞ്ചുകുട്ടികളാണ് പോഷകാഹാരക്കുറവും നിര്‍ജലീകരണവും കാരണം മരിച്ചത്.
മധ്യഗസ്സയിലെ കുവൈത്തി റൗണ്ടബൗട്ടിലും പട്ടിണിയിലായ മനുഷ്യര്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം നടത്തി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരടക്കം 90 പേരാണ് 24 മണിക്കൂറിനിടെ ഗസ്സയില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം സഹായ ട്രക്കുകള്‍ കാത്തിരുന്ന ജനങ്ങള്‍ക്കുനേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 118 പേര്‍ കൊല്ലപ്പെടുകയും 760 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ലോകവ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലാണ് പുതിയ ക്രൂരത.
ദൈര്‍ അല്‍ ബലാഹ്, ഖാന്‍ യൂനുസ് എന്നിവിടങ്ങളിലും ഇസ്രായേല്‍ ബോംബാക്രമണം നടത്തി. ദൈര്‍ അല്‍ ബലാഹില്‍ മാനുഷികസഹായം വിതരണംചെയ്യുന്ന വാഹനത്തിനുമേലും ബോംബിട്ടു. ഗസ്സ യുദ്ധത്തില്‍ ഇതുവരെ 30,410 പേര്‍ കെല്ലപ്പെട്ടു. 71,700 പേര്‍ക്ക് പരിക്കേറ്റു.
അതിനിടെ, അമേരിക്ക ഇന്നലെയും ഗസ്സയില്‍ ഭക്ഷ്യവസ്തുക്കള്‍ വ്യോമാര്‍ഗം എത്തിച്ചു. ഇസ്രായേലിന്റെ വംശഹത്യക്ക് നിരുപാധിക പിന്തുണ നല്‍കുന്നത് രാജ്യത്തിനകത്തും പുറത്തും കനത്ത പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് യു.എസിന്റെ എയര്‍ ഡ്രോപ്പിങ്. ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ സഹായം ഉറപ്പാക്കണമെന്ന ലോക രാജ്യങ്ങളുടെ സമ്മര്‍ദം ഇസ്രായേല്‍ തള്ളി.
ഗസ്സയില്‍ വെടി നിര്‍ത്തല്‍ സാധ്യമാക്കാന്‍ ഖത്തര്‍, യു.എ.സ്, ഇസ്രായേല്‍ പ്രതിനിധികള്‍ ഈജിപ്തില്‍ എത്തി. ഹമാസിന്റെ പ്രതിനിധികളും കൈറോയില്‍ എത്തിയിട്ടുണ്ട്. അടുത്തയാഴ്ച ആരംഭിക്കുന്ന റമദാനുമുമ്പ് വെടിനിര്‍ത്തല്‍ സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഇസ്രായേല്‍ വെടിനിര്‍ത്തലിന് സന്നദ്ധമായിട്ടുണ്ടെന്നാണ് അമേരിക്കയുടെ പ്രസ്താവന. തങ്ങള്‍ മുന്നോട്ടുവെക്കുന്ന വ്യവസ്ഥ അംഗീകരിക്കാന്‍ ഇസ്രായേല്‍ സന്നദ്ധമാവുകയാണെങ്കില്‍ ബന്ദി കൈമാറ്റത്തിന് രണ്ടുദിവസം മതിയെന്ന് ഹമാസ് പ്രതികരിച്ചു. ഇസ്രായേല്‍ സംഘം കൈറോയില്‍ എത്തുന്നതുസംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഇസ്രായേല്‍ മന്ത്രി ഗാന്റ്‌സും അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഇന്ന് ചര്‍ച്ച നടത്തും.
അതേസമയം, അമേരിക്കയിലെ ഇസ്രായേല്‍ എംബസിക്കു മുന്നില്‍ ആയിരങ്ങള്‍ ഒത്തുകൂടി. ഫലസ്തീനെ സ്വതന്ത്രമാക്കുക, വംശഹത്യ അവസാനിപ്പിക്കുക എന്നിങ്ങനെ എഴുതിയ ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.