ബഹിരാകാശനിലയത്തിൽ വിഷവാതകം?; ദുരന്തം മുന്നിൽ കണ്ട് സുനിതാ വില്ല്യംസും സംഘവും
അവശ്യസാധനങ്ങൾ എത്തിച്ച പ്രോഗ്രസ് എം.എസ് 29 എന്ന പേടകത്തിന്റെ വാതിൽ തുറന്നപ്പോൾ വിഷഗന്ധവും ദ്രാവകത്തുള്ളികളും; നടപടിയുമായി നാസ
ബഹിരാകാശ പര്യവേഷക സുനിത വില്യംസ് അടക്കമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിഷ ഗന്ധമെന്ന് റിപ്പോർട്ട്. ചരക്ക് ബഹിരാകാശ പേടകം, റഷ്യൻ പര്യവേഷകർ തുറക്കവേയാണ് രൂക്ഷമായ ഗന്ധമനുഭവപ്പെട്ടത്.
ബഹിരാകാശ നിലയത്തിലേക്ക് ഭക്ഷണവും ഇന്ധനവുമടക്കം അവശ്യസാധനങ്ങൾ എത്തിച്ച പ്രോഗ്രസ് എം.എസ് 29 എന്ന പേടകത്തിന്റെ വാതിൽ തുറന്നപ്പോഴാണ് ആസാധാരണമായ ദുർഗന്ധം അനുഭവപ്പെട്ടത്. പേടകത്തിനുള്ളിൽ എന്തെന്ന് തിരിച്ചറിയാനാകാത്ത ദ്രാവകത്തിന്റെ തുള്ളികളും കണ്ടെത്തി. അപകടസാധ്യത തിരിച്ചറിഞ്ഞ ബഹിരാകാശനിലയത്തിലെ അന്തേവാസികൾ ഈ വാതിൽ അടക്കുകയും മറ്റ് ഭാഗങ്ങളിൽ ദുർഗന്ധം വ്യാപിക്കാതിരിക്കാൻ പ്രോഗ്രസ് പേടകത്തെ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
വിഷയത്തെക്കുറിച്ച് നാസയുമായി ബന്ധപ്പെട്ട ഉടൻ സ്ഥലം ശുദ്ധീകരിക്കുന്നതിനും വായുനിലവാരം മെച്ചപ്പെടുത്തുന്നതിനുമായ നടപടികൾ സ്വീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ റഷ്യയും മറ്റ് ശുചീകരണ നടപടികൾ നിലയത്തിൽ നടത്തി. വായുഗുണനിലവാരം പഴയനിലയിലേക്ക് എത്തുന്നത് വരെ ദൗത്യസംഘത്തോട് പിപിഇ കിറ്റ് ധരിക്കാനും നാസ നിർദേശിച്ചു. നാസയുടെ അടിയന്തര ഇടപെടലിന് പിന്നാലെ ദൗത്യസംഘം മറ്റ് സുരക്ഷാ നടപടികളും സ്വീകരിക്കുകയായിരുന്നു.
ബഹിരാകാശ നിലയത്തിലെ വായുനിലവാരം മെച്ചപ്പെട്ടെങ്കിലും എന്താണ് വിഷഗന്ധത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. കൂടാതെ ബഹിരാകാശനിലയമാണോ പേടകമാണോ ദുർഗന്ധത്തിന്റെ ഉറവിടമെന്നതിലും സംശയമുണ്ട്. ആറ് മാസത്തിന് ശേഷമാണ് എം.എസ് 29 പേടകം ഭൂമിയിലേക്ക് തിരിക്കുക.
പത്ത് ദിവസത്തെ ദൗത്യത്തിനായി നാസയുടെ ബോയിങ് സ്റ്റാർലൈനർ കലിപ്സോ കാപ്സ്വൂളിലാണ് സുനിതയും സഹ ബഹിരാകാശ യാത്രികനായ ബുച്ച് വിൽമോറും ജൂൺ ആറിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്.എന്നാൽ സ്റ്റാർലൈനറിന് സംഭവിച്ച സാങ്കേതിക പ്രശ്നങ്ങൾ കാരണം ഇവരുടെ തിരിച്ചുവരവ് വൈകുകയായിരുന്നു. പലതവണ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇവ പരാജയപ്പെടുകയായിരുന്നു.സെപ്തംബർ 24ന് പുറപ്പെട്ട സ്പേസ് എക്സ് ക്ര്യൂ 9 എന്ന ബഹിരാകാശ വാഹനത്തിൽ ഇവരെ അടുത്ത വർഷം മാർച്ചോടെ തിരിച്ചെത്തിക്കാനാണ് നാസയുടെ തീരുമാനം.