ചാരവൃത്തിയുടെ പേരില്‍ 12 റഷ്യന്‍ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കി

12 പേര്‍ യുഎസ് റെസിഡൻസിയുടെ പ്രത്യേകാവകാശങ്ങൾ ദുരുപയോഗം ചെയ്തതായി വക്താവ് ഒലിവിയ ഡാൽട്ടൺ പറഞ്ഞു

Update: 2022-03-01 02:53 GMT
Editor : Jaisy Thomas | By : Web Desk
Advertising

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ ചാരപ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് 12 റഷ്യൻ നയതന്ത്രജ്ഞരെ യു.എസ് പുറത്താക്കിയതായി ഐക്യരാഷ്ട്ര സഭയിലെ യു.എസ് മിഷൻ വക്താവ് തിങ്കളാഴ്ച അറിയിച്ചു. 12 പേര്‍ യുഎസ് റെസിഡൻസിയുടെ പ്രത്യേകാവകാശങ്ങൾ ദുരുപയോഗം ചെയ്തതായി വക്താവ് ഒലിവിയ ഡാൽട്ടൺ പറഞ്ഞു.

പ്രതിനിധികളെ അവരുടെ യുഎന്‍ നയതന്ത്ര സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കാനുള്ള നീക്കം കുറച്ചു മാസങ്ങളായി നടന്നുകൊണ്ടിരിക്കുകയാണെന്നും ഡാല്‍ട്ടണ്‍ വ്യക്തമാക്കി. മാർച്ച് ഏഴിനകം നയതന്ത്രജ്ഞരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭയിലെ റഷ്യൻ അംബാസഡർ വാസിലി നെബെൻസിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാല്‍ ഇക്കൂട്ടത്തിൽ താനും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ അദ്ദേഹം വിസമ്മതിച്ചു. റഷ്യൻ മിഷനെതിരെയുള്ള മറ്റൊരു ശത്രുതാപരമായ നടപടിയെന്നാണ് നെബെൻസിയ വിശേഷിപ്പിച്ചത്. എന്നാല്‍ നടപടി റഷ്യന്‍ പ്രവര്‍ത്തനത്തിനുള്ള നേരിട്ട പ്രതികരണമാണെന്ന് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു. നമ്മുടെ സ്വന്തം മണ്ണില്‍ നമുക്കെതിരായ ചാരപ്രവര്‍ത്തനം നടത്തുന്നതാണ് ശത്രുതാപരമായ പ്രവൃത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.

യുക്രൈനിലെ മാനുഷിക സാഹചര്യത്തെക്കുറിച്ചുള്ള സുരക്ഷാ കൗൺസിൽ യോഗത്തിൽ ഡസൻ പേർ നയതന്ത്രേതര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് യു.എന്നിലെ യു.എസിന്‍റെ ഡെപ്യൂട്ടി അംബാസഡറായ റിച്ചാർഡ് മിൽസ് നേരത്തെ പറഞ്ഞിരുന്നു. അമേരിക്ക രാജ്യം വിട്ടുപോകാൻ ആവശ്യപ്പെട്ട പ്രതിനിധികള്‍ നയതന്ത്രജ്ഞർ എന്ന നിലയിലുള്ള അവരുടെ ഉത്തരവാദിത്തങ്ങൾക്കും കടമകൾക്കും അനുസൃതമല്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും അദ്ദേഹം വിശദമാക്കിയിരുന്നു. യു.എന്നിലെ റഷ്യൻ അംബാസഡറാണ് തീരുമാനം ആദ്യം മാധ്യമപ്രവർത്തകരെ അറിയിച്ചത്. റഷ്യയുടെ നയതന്ത്ര വൃത്തങ്ങൾ പറയുന്നതനുസരിച്ച്, യു.എന്നിലേക്കുള്ള റഷ്യൻ ദൗത്യത്തിൽ നൂറോളം ഉദ്യോഗസ്ഥരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News