ഗസ്സയി​ൽ​ കൊല്ലപ്പെട്ടത് 144 യു.എൻ പ്രതിനിധികൾ; ചരിത്രത്തിലാദ്യം

1949ലാണ് യു.എൻ.ആർ.ഡബ്ല്യു.എ ഫലസ്തീനിൽ ആരംഭിക്കുന്നത്

Update: 2024-01-07 11:11 GMT
Advertising

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ ഐക്യരാഷ്ട്ര സഭയുടെ 144 പ്രതിനിധികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഘടനയുടെ 78 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയുമധികം ആളുകൾ ഒരു യുദ്ധത്തിനിടെ കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് അനുശോചനമറിയിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കത്തയച്ചു.

ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയുടെ ​പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. കൂടാതെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അധ്യാപകർ, സ്കൂൾ പ്രിൻസിപ്പൽമാർ, ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, സൈക്കോളജിസ്റ്റുകൾ, മറ്റു ജീവനക്കാർ എന്നിവരെല്ലാം കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.

ഗസ്സയിൽ പ്രവർത്തിക്കുന്ന പ്രധാന യു.എൻ ഏജൻസിയാണ് യു.എൻ.ആർ.ഡബ്ല്യു.എ. ഇസ്രായേലെ​ന്ന അധിനിവേശ രാജ്യം രൂപീകൃതമായി ഒരു വർഷം കഴിഞ്ഞ് 1949ലാണ് ഏജൻസി ആരംഭിക്കുന്നത്.

ഫലസ്തീൻ അഭയാർത്ഥികൾക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. വിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസം, സാമൂഹിക സേവനം, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക സഹായം തുടങ്ങിയ വിവിധ മേഖലകളിലാണ് ഏജൻസി പ്രവർത്തിക്കുന്നത്.

ഗസ്സയിൽ നിരവധി യു.എൻ പ്രതിനിധികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് അനുശോചന സൂചകമായി ലോകമെമ്പാടുമുള്ള യു.എൻ ഓഫിസുകളിലെ പതാകകൾ പകുതി താഴ്ത്തിക്കെട്ടിയിരുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News