‘വായുവിന് പോലും രക്തത്തിന്റെ ഗന്ധം’;ഗസ്സയിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു
ബുധനാഴ്ച നടന്ന ആക്രമണത്തിൽ സ്ത്രീകളുടെയും കുട്ടികളുയെും ശരീരങ്ങൾ ചിന്നിച്ചിതറിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ഗസ്സ സിറ്റി: ഗസ്സയിലെ അഭയാർഥി ക്യാമ്പായ പ്രവർത്തിച്ചിരുന്ന സ്കൂളിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ബോംബാംക്രമണത്തിൽ യുഎൻ ഉദ്യോഗസ്ഥരും കുട്ടികളുമടക്കം 18 പേർ കൊല്ലപ്പെട്ടു. യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎയിലെ ആറ് ഉദ്യോഗസ്ഥരും കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.
നുസൈറത്ത് അഭയാർത്ഥി ക്യാമ്പുകളിലൊന്നായ അൽ-ജൗനി സ്‌കൂളിന് നേരെ ബുധനാഴ്ച നടന്ന ആക്രമണത്തിൽ സ്ത്രീകളുടെയും കുട്ടികളുയെും ശരീരങ്ങൾ ചിന്നിച്ചിതറിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
യുഎൻ ഏജൻസിയുടെ നേതൃത്വത്തിൽ സ്കൂളിലൊരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ 12,000 ഫലസ്തീനികളാണ് ഉള്ളത്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അഭയാർത്ഥി ക്യാമ്പിലേക്ക് രണ്ട് തവണയാണ് ഇസ്രായേൽ വ്യോമാക്രണം നടത്തിയത്. യുഎൻ ഏജൻസിയുടെ പ്രധാനഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരിലുണ്ട്.
ഗസ്സയിൽ ആരും സുരക്ഷിതരല്ലെന്നും, ആരും ഒഴിവാക്കപ്പെടുന്നില്ലെന്നും എക്സിലെ ഒരു പോസ്റ്റിൽ യുഎൻ വക്താവ് പ്രതികരിച്ചു. വലിയ ദുരന്തമാണുണ്ടായിരുക്കുന്നതെന്നാണ് അൽ ജസീറയുടെ റിപ്പോർട്ടർ താരിഖ് അബു അസ്‍ലം പറഞ്ഞത്. ‘വലിയ ആക്രമണമാണുണ്ടായത്, വായുവിന് പോലും രക്തത്തിന്റെ ഗന്ധമാണ്’. ആളുകൾ ബോംബുകളിൽ നിന്ന് രക്ഷതേടി ഓടുന്നത് നമ്മുക്ക് അവിടെ കാണാൻ പറ്റും. ചിന്നിച്ചിതറിയ മൃതദേഹങ്ങളും കെട്ടിടാവശിഷ്ടങ്ങളും കുന്നുകൂടി കിടക്കുക്കയാണ്.
ആളുകൾ ഭക്ഷണത്തിനായി കാത്തിരിക്കുന്ന സമയത്താണ് സ്‌കൂളിന് നേരെ ബോംബാക്രമണം ഉണ്ടായത്. മാതാപിതാക്കൾ കുട്ടികളെ തിരയുന്നതും കുട്ടികൾ മാതാപിതാക്കളെ തിരയുന്നതും നോവുള്ള കാഴ്ചയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകളെയും കുട്ടികളെയുമാണ് ബോംബാക്രമണം കൂടുതൽ തകർത്തത്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു ഫലസ്തീനി സ്ത്രീ തന്റെ ആറ് മക്കളെയും നഷ്ടപ്പെട്ടതായി പറഞ്ഞു. ബോംബാക്രമണം നടത്തിയ ഒരു സ്‌കൂളിന്റെ ഭാഗത്ത് സ്ത്രീകളും കുട്ടികളും മാത്രമായിരുന്നു താമസിച്ചിരുന്നത്. പെട്ടെന്ന് ഒരു വലിയ സ്ഫോടനം ഉണ്ടായി. ഞങ്ങൾ ഓടിയെത്തുമ്പോൾ കണ്ടത് സ്ത്രീകളും കുട്ടികളും ചിന്നിച്ചിതറിക്കിടക്കുന്നതാണ് കണ്ടതെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു.