കാബൂളിൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചാവേർ സ്ഫോടനം; 19 മരണം

വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം

Update: 2022-09-30 14:41 GMT
Advertising

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു. നഗരത്തിന് പടിഞ്ഞാറുള്ള ദസ്‌തെ എ ബര്‍ചിയിലെ കാജ് വിദ്യാഭ്യാസ കേന്ദ്രത്തിലാണ് ചാവേറാക്രമണമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയായിരുന്നു സ്‌ഫോടനമെന്ന് അധികൃതര്‍ പറഞ്ഞു. ഹസാര ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ് ഈ മേഖലയില്‍ താമസിക്കുന്നവരില്‍ അധികവും. ഇതിനു മുമ്പും ഈ വിഭാഗത്തെ ലക്ഷ്യം വച്ച് ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

ആക്രമണത്തെ അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുല്‍ നാഫി താക്കൂര്‍ അപലപിച്ചു. സാധാരണക്കാരനെ ലക്ഷ്യമിട്ടുള്ള ആക്രമണം ശത്രുവിന്റെ മനുഷ്യത്വരഹിതമായ ക്രൂരതയും ധാർമികതയുടെ അഭാവവും തെളിയിക്കുന്നു. പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

നിരവധി ആക്രമണങ്ങള്‍ നടന്ന മേഖലയാണ് ദസ്‌തെ ബര്‍ചി. സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെയായിരുന്നു ആക്രമണങ്ങളില്‍ ചിലത്. കഴിഞ്ഞ വര്‍ഷം ദസ്‌തെ ബര്‍ചിയിലെ ഒരു ഗേള്‍സ് സ്‌കൂളിനെതിരെയുണ്ടായ ബോംബാക്രമണത്തില്‍ 85 പേര്‍ കൊല്ലപ്പെട്ടിരുന്നു. നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് ഇരയായവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളായിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News