സുഹൃത്തിന് പിന്നാലെ റഷ്യന്‍ വ്യവസായിയും ഒഡീഷയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍; പൊലീസ് അന്വേഷണം തുടങ്ങി

റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍റെ വിമര്‍ശകനായിരുന്നു പവേല്‍

Update: 2022-12-28 06:22 GMT
Advertising

ഭുവനേശ്വര്‍: റഷ്യൻ വ്യവസായിയും ലെജിസ്ലേറ്റീവ് അസംബ്ലി അംഗവുമായ പവേൽ ആന്റോവ് ഒഡീഷയിലെ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ആന്റോവിനൊപ്പം എത്തിയ സുഹൃത്ത് വ്ലാദിമർ ബുഡനോവ് രണ്ട് ദിവസം മുന്‍പ് മരിച്ചിരുന്നു. പിറന്നാൾ ആഘോഷത്തിനായാണ് പവേലും നാല് സുഹൃത്തുക്കളും ഇന്ത്യയിലെത്തിയത്. സംഭവത്തില്‍ ഒഡീഷ പൊലീസ് അന്വേഷണം തുടങ്ങി.

റാഡ്ഗഢിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് പവേലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹോട്ടലില്‍ നിന്ന് താഴെ വീണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് കണ്ടത്. ഡിസംബര്‍ 24നാണ് സംഭവമുണ്ടായത്. പവേലിന്‍റെ സുഹൃത്തായ ബുഡനോവിനെ ഡിസംബര്‍ 22ന് ഹോട്ടലില്‍ വൈന്‍ കുപ്പികള്‍ക്കിടയില്‍ ബോധരഹിതനായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ബുഡനോവിന്‍റെ മരണത്തിനു പിന്നാലെ പവേൽ ദു:ഖിതനായിരുന്നുവെന്നും ആത്മഹത്യയാണെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ദുരൂഹതയില്ലെന്നാണ് പൊലീസിന്‍റെ നിഗമനമെങ്കിലും ഇക്കാര്യം ഉറപ്പിക്കാന്‍ അന്വേഷണം നടത്തുന്നുണ്ട്. നാല് പേരടങ്ങുന്ന സംഘമാണ് പവേലിന്‍റെ ജന്മദിനം ആഘോഷിക്കാന്‍ ഇന്ത്യയിലെത്തിയത്.

റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍റെ വിമര്‍ശകനായിരുന്നു പവേല്‍. യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ വിമർശിച്ചുകൊണ്ട് പവേല്‍ സമൂഹ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു. റഷ്യയുടെ മിസൈൽ അക്രമണങ്ങളെ ഭീകരവാദം എന്നാണ് അദ്ദേഹം പോസ്റ്റിൽ വിശേഷിപ്പിച്ചത്. പിന്നീട് അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. അക്കൗണ്ട് മറ്റാരോ ഉപയോഗിച്ചതാണെന്നായിരുന്നു വിശദീകരണം. താൻ രാജ്യസ്നേഹിയാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News