20 അടി വലിപ്പമുള്ള കൂറ്റന്‍ പെരുമ്പാമ്പിനെ താലോലിക്കുന്ന 15കാരി, വൈറലായി വീഡിയോകള്‍
വീടിന്റെ വരാന്തയിലിരുന്ന് ഫോൺ നോക്കുന്ന ചൽവയുടെ മടിയിൽ തലവച്ച് സുഖമായി കിടക്കുന്ന കൂറ്റൻ പെരുമ്പാമ്പാണ് വിഡിയോയിലുള്ളത്
ഭൂരിഭാഗം ആളുകള്‍ക്കും പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ പേടിയാണ്. എന്നാല്‍ ഇന്തോനേഷ്യക്കാരി ചല്‍വ ഇസ്മ എന്ന 15കാരിക്ക് അങ്ങനെയല്ല. ഒരു പൂച്ചയെ താലേലിക്കും പോലെയാണ് 20 അടി നീളമുള്ള പെരുമ്പാമ്പിനെ ഈ പെണ്‍കുട്ടി പരിപാലിക്കുന്നത്. പെരുമ്പാമ്പിനൊപ്പമുള്ള ചല്‍വയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്ങാണ്.
വീടിന്റെ വരാന്തയിലിരുന്ന് ഫോൺ നോക്കുന്ന ചൽവയുടെ മടിയിൽ തലവച്ച് സുഖമായി കിടക്കുന്ന കൂറ്റൻ പെരുമ്പാമ്പാണ് വിഡിയോയിലുള്ളത്. ഇത്രയും വലിയൊരു പെരുമ്പാമ്പ് മടിയില്‍ കിടക്കുന്നതൊന്നും കൂസാതെ ഫോണ്‍ നോക്കിയിരിക്കുകയാണ് ചല്‍വ. കൂട്ടത്തില്‍ പാമ്പിന് സ്നേഹത്തോടെയുള്ള തലോടലുകളും. ഈ വീഡിയോ പത്ത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
പെരുമ്പാമ്പുകൾ ചൽവയ്ക്ക് കളിക്കൂട്ടുകാരാണ്. ആറ് കൂറ്റൻ പെരുമ്പാമ്പുകളെയാണ് ചൽവ സെൻട്രൽ ജാവയിലുള്ള സ്വന്തം വീട്ടിൽ വളർത്തുന്നത്. ഇവക്കൊപ്പം കളിക്കുകയും അവയെ ഓമനിക്കുകയും ചെയ്യുന്ന ധാരാളം വിഡിയോകൾ ചൽവ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. നാലാം വയസു മുതൽ തുടങ്ങിയതാണ് ചൽവക്ക് പാമ്പുകളോടുള്ള പ്രിയം. ചൽവയ്ക്കൊപ്പം സഹോദരനും പെരുമ്പാമ്പുകൾക്കൊപ്പം ഇരിക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മനുഷ്യനെ നിസ്സാരമായി വിഴുങ്ങാൻ തക്ക വലുപ്പമുള്ള പെരുമ്പാമ്പുകളെ വീട്ടിൽ വളർത്തുന്നത് വലിയ അപകടങ്ങൾ വിളിച്ചു വരുത്താൻ സാധ്യതയുണ്ടെന്ന ആശങ്ക വിഡിയോ കണ്ട് പങ്കുവെക്കുന്നവരാണ് ഏറെയും. എന്നാൽ തന്റെ പ്രിയപ്പെട്ട പെരുമ്പാമ്പുകൾ അപകടകാരികളല്ലെന്നും അവ മനുഷ്യനോട് ഏറെ ഇണങ്ങിക്കഴിഞ്ഞെന്നുമാണ് ചൽവയുടെ മറുപടി.