ഗസ്സയില്‍ അൽജസീറ മാധ്യമപ്രവർത്തകന്റെ 21 അംഗ കുടുംബമടക്കം നൂറ് പേർ കൊല്ലപ്പെട്ടു
ഉന്നതമേധാവികളടക്കം പത്ത് ഇസ്രായേൽ സൈനികരെ വധിച്ചതായി ഹമാസ്
ഗസ്സ സിറ്റി: യുദ്ധം രണ്ടു മാസം പിന്നിട്ടിരിക്കെ, ഗസ്സയിലുടനീളം കനത്ത ആക്രമണം തുടർന്ന് ഇസ്രായേൽ. അൽജസീറ ചാനൽ റിപ്പോർട്ടറുടെ 21 അംഗ കുടുംബം ഉൾപ്പെടെ നൂറുകണക്കിന് ഫലസ്തീനികൾ ഇന്നലെയും കൊല്ലപ്പെട്ടു. ഉന്നത സൈനിക മേധാവി ഉൾപ്പെടെ 10 ഇസ്രായേൽ സൈനികരെ ഹമാസ് വധിച്ചു. ലോകസമാധാനത്തിന് ഭീഷണിയായ സാഹചര്യത്തിൽ ഗസ്സ വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി യുഎൻ രക്ഷാസമിതിക്ക് ചാർട്ടർ 99-ം വകുപ്പു പ്രകാരം സെക്രട്ടറി ജനറൽ സന്ദേശം കൈമാറി.
ഖാൻ യൂനുസ്, ജബലിയ, ശുജാഇയ പ്രദേശങ്ങളിൽ കരയുദ്ധം കൂടുതൽ രൂക്ഷമാണ്. നിരവധി കവചിത വാഹനങ്ങൾ പ്രദേശത്ത് തമ്പടിച്ചതായി ദൃക്സാക്ഷികൾ അറിയിച്ചു. വ്യോമാക്രമണവും ഷെല്ലാക്രമണവും വ്യാപകമായിരിക്കുകയാണ്. സിവിലിയൻ കേന്ദ്രങ്ങൾക്കു നേരെ നടന്ന ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് മരിച്ചത്.
അൽജസീറ അറബിക് ചാനലിന്‍റെ റിപ്പോർട്ടർ മോമിൻ അൽഷറഫിയുടെ 21 അംഗ കുടുംബവും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിന് മേൽ ഇസ്രായേൽ സൈന്യം ബോംബിടുകയായിരുന്നു. നടപടി കിരാതമെന്ന് അൽ ജസീറ അധികൃതർ പറഞ്ഞു.
അതേസമയം, ആശുപത്രികളുടെ പ്രവർത്തനം തടഞ്ഞതിനു പിന്നിൽ ഇസ്രായേലിന്‍റെ ഗൂഢലക്ഷ്യം പകൽ പോലെ വ്യക്തമാണെന്ന് ഹമാസ് പറഞ്ഞു. ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾക്കു നേരെ ഇസ്രായേൽ സൈന്യം ആക്രമണം നടത്തി. തിരിച്ചടിയെന്നോണം ഇസ്രായേൽ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിസൈലുകൾ അയച്ചതായി ഹിസ്ബുല്ലയും വ്യക്തമാക്കി. യെമനിലെ ഹൂത്തികൾ ഇസ്രായേലിനെ ലക്ഷ്യമിട്ടയച്ച ഡ്രോണുകൾ തങ്ങളുടെ പടക്കപ്പൽ പ്രതിരോധിച്ചതായി പെൻറഗൺ അറിയിച്ചു.
തെക്കൻ ഗസ്സയിലേക്കുള്ള ഇസ്രായേൽ കരസേനാ നീക്കത്തെ ശക്തമായി പ്രതിരോധിച്ചു വരുന്നതായി ഹമാസ് അറിയിച്ചു. ഉന്നത ഓഫീസർമാർ ഉൾപ്പെെട പിന്നിട്ട 24 മണിക്കൂറിനുള്ളിൽ 10 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യവും അവകാശപ്പെട്ടു. തുരങ്കത്തിനുള്ളിലുള്ള യഹ്യ സിൻവറിനെ കൊലപ്പെടുത്തുകയെന്നത് യുദ്ധലക്ഷ്യങ്ങളിൽ പ്രധാനമാണെന്നും സൈന്യം പറയുന്നു.
ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാൻ രക്ഷാസമിതിയുടെ പിന്തുണ തേടി യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ് സന്ദേശം കൈമാറി. യു.എൻ ചാർട്ടർ 99-ം വകുപ്പു പ്രകാരം ലോകസമാധാനം മുൻനിർത്തി രക്ഷാസമിതി ഇടപെടൽ തേടാനുള്ള സെക്രട്ടറി ജനറലിെൻറ അധികാരം മുൻനിർത്തിയാണ് നീക്കം. 2017ൽ സെക്രട്ടറി ജനറൽ പദവിയിലെത്തിയ ഗുട്ടറസ് ഇതാദ്യമായാണ് 99-ാം വകുപ്പ് പ്രയോജനപ്പെടുത്തുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചേർന്ന് മധ്യസ്ഥ ചർച്ചകൾ പുനരാരംഭിച്ചതായി ഖത്തറും അറിയിച്ചു.