യുദ്ധത്തില്‍ ഇതുവരെ പൊലിഞ്ഞത് 28 കുഞ്ഞുജീവനുകളെന്ന് യുക്രൈന്‍ സര്‍ക്കാര്‍

യുക്രേനിയൻ ദേശീയ സുരക്ഷാ കൗൺസിൽ മേധാവി ഒലെക്‌സി ഡാനിലോവ് യുക്രേനിയൻ ടെലിവിഷനിലൂടെയാണ് കണക്ക് വ്യക്തമാക്കിയത്

Update: 2022-03-05 06:23 GMT
Editor : Jaisy Thomas | By : Web Desk
Advertising

റഷ്യന്‍ ആക്രമണത്തിന് ശേഷം ഇതുവരെ 28 കുട്ടികൾ മരിച്ചതായി യുക്രൈന്‍ സർക്കാർ വ്യാഴാഴ്ച അറിയിച്ചു. യുദ്ധത്തിൽ 840 കുട്ടികൾക്ക് പരിക്കേറ്റതായും വെള്ളിയാഴ്ച യുക്രേനിയൻ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. യുക്രേനിയൻ ദേശീയ സുരക്ഷാ കൗൺസിൽ മേധാവി ഒലെക്‌സി ഡാനിലോവ് യുക്രേനിയൻ ടെലിവിഷനിലൂടെയാണ് കണക്ക് വ്യക്തമാക്കിയത്.

പോരാട്ടത്തിൽ നിന്ന് സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷപ്പെടാൻ വഴിയൊരുക്കണമെന്ന് ഡാനിലോവ് റഷ്യയോട് അഭ്യർഥിച്ചു. ഫെബ്രുവരി 24ന് തുടങ്ങിയ റഷ്യന്‍ അധിനിവേശത്തിന് ശേഷം യുക്രൈനില്‍ നൂറുകണക്കിന് സാധാരണക്കാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. യുദ്ധം ആരംഭിച്ചതിനുശേഷം ഒരു ദശലക്ഷത്തിലധികം യുക്രേനിയക്കാർ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്.

യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ റഷ്യ യുക്രൈനിൽ ശക്തമായ ആക്രമണം തുടരുകയാണ്. വടക്കൻ മേഖലയിൽ പോരാട്ടം മന്ദഗതിയിലാണെങ്കിലും തെക്കൻ തീരങ്ങളിൽ ശക്തമായ ആക്രമണമാണ് നടക്കുന്നത്. യുക്രൈൻ അതിർത്തിയിൽ നിലയുറപ്പിച്ചിരുന്ന 90 ശതമാനം സൈനികരും യുക്രൈനിലേക്ക് കടന്നു കഴിഞ്ഞു. പ്രധാന നഗരങ്ങളായ ഖാർകിവ്, മരിയുപോൾ നഗരങ്ങളിൽ വ്യോമാക്രമണങ്ങൾ ശക്തമാക്കി. റഷ്യൻ അതിർത്തിയോട് അടുത്തുള്ള മരിയുപോൾ റഷ്യൻ സേന വളഞ്ഞു കഴിഞ്ഞു. ഇതുവരെ രണ്ടായിരത്തിലേറെ പൗരന്മാർ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ വ്യക്തമാക്കി. 9000 റഷ്യൻ സൈനികരെ വധിച്ചതായും യുക്രൈൻ അവകാശപ്പെടുന്നു.

തലസ്ഥാന നഗരമായ കിയവ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമം തുടരുകയാണ്. കിയവ് ലക്ഷ്യമാക്കി നീങ്ങിയ റഷ്യൻ സൈനിക വ്യൂഹത്തിന്‍റെ നീക്കം ഇപ്പോഴും മന്ദഗതിയിലാണ്. അധിനിവേശ റഷ്യൻ സൈന്യത്തിനെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തെ പിന്തുണയ്ക്കാൻ യുക്രൈൻ പ്രസിഡന്‍റ് വ്ലദിമർ സെലെൻസ്‌കി യൂറോപ്യൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നിശബ്ദരാകരുതെന്ന് സെലെൻസ്‌കി അഭ്യർഥിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News