പരീക്ഷ എഴുതിയ 33 ല്‍ 28 പേരും തോറ്റു; ബിരുദദാന ചടങ്ങ് മാറ്റിവെച്ച് സ്കൂള്‍
മതിയായ ഹാജരില്ലാത്തതും അക്കാദമിക് നിലവാരം പുലർത്താതുമാണ് ഇത്രയധികം കുട്ടികളും തോൽക്കാൻ കാരണം
വാഷിങ്ടണ്‍: പലവിധ കാരണങ്ങൾ കൊണ്ട് ബിരുദദാന ചടങ്ങ് മാറ്റിവെച്ചതായി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ പരീക്ഷ എഴുതിയ വിദ്യാർഥികൾ തോറ്റത് കാരണം ബിരുദദാന ചടങ്ങ് മാറ്റിവെച്ചതായി കേട്ടിട്ടുണ്ടോ. അങ്ങനൊരു വാർത്തായാണ് ഇപ്പോൾ പുറത്തുവരുന്നത്. അമേരിക്കയിലെ ടെക്‌സസിലെ ഒരു സ്‌കൂളിലാണ് പരീക്ഷ എഴുതിയ 33 കുട്ടികളിൽ 28 പേരും തോറ്റുപോയത്.
വെറും അഞ്ച് പേർ മാത്രമാണ് ഇവിടെ വിജയിച്ചത്. മതിയായ ഹാജരില്ലാത്തതും അക്കാദമിക നിലവാരം പുലർത്താതുമാണ് ഇത്രയധികം കുട്ടികളും തോൽക്കാൻ കാരണം. ഇതേ തുർന്ന് ഗ്രാജുവേഷൻ പ്രോഗ്രാം ജൂൺ മാസത്തിലേക്ക് മാറ്റിവെച്ചുവെന്ന് സ്‌കൂൾ അധികൃതർ അറിയിക്കുകയായിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്‌കൂൾ അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
ഉയർന്ന അക്കാദമിക നിലവാരം നിലനിർത്തുന്നതിനും വിദ്യാർഥികളുടെ വിജയം ഉറപ്പാക്കുന്നതിനുമുള്ള മാർലിൻ ഐ.എസ്.ഡിയുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നും അധികൃതർ വിശദീകരിച്ചു. വിജയിക്കാൻ വിദ്യാർഥികൾക്ക് മതിയായ സമയവും സ്‌കൂൾ അധികൃതർ അനുവദിച്ചിട്ടുണ്ട്.