ലിഫ്റ്റിൽ കുടുങ്ങിയത് മൂന്ന് ദിവസം, ഒൻപത് നില കെട്ടിടത്തിന് മുകളിൽ യുവതിയുടെ മൃതദേഹം
സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും എത്തിയില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
മൂന്ന് ദിവസം ലിഫ്റ്റിൽ കുടുങ്ങിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. സ്‌ബെക്കിസ്ഥാനിലെ താഷ്‌കെന്റിൽ നിന്നുള്ള പോസ്റ്റ് വുമണായ ഓൾഗ ലിയോൺറ്റീവയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസത്തോളം ലിഫ്റ്റിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഓൾഗ. ഒൻപത് നില കെട്ടിടത്തിന് മുകളിലാണ് കുടുങ്ങിക്കിടന്നത്. സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും എത്തിയില്ലെന്ന് ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.
ജൂലൈ 24 ന് ജോലി കഴിഞ്ഞ് പോയ ഓൾഗ പിന്നെ വീട്ടിലേക്ക് തിരിച്ചെത്തിയില്ല. പിന്നീട് നടത്തിയ തെരച്ചിലിനൊടുവിലാണ് ലിഫ്റ്റിൽ ഓൾഗയുടെ മൃതദേഹം കണ്ടെത്തിയത്, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചൈനയിൽ നിർമിച്ച ലിഫ്റ്റ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും പ്രവർത്തനക്ഷമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവ ദിവസം വൈദ്യുതി മുടങ്ങിയിട്ടില്ലെന്ന് റീജിയണൽ ഇലക്ട്രിസിറ്റി നെറ്റ്‌വർക്ക് എന്റർപ്രൈസ് സ്ഥിരീകരിച്ചതായി ഔട്ട്‌ലെറ്റ് അറിയിച്ചു.
കെട്ടിടത്തിലെ താമസക്കാരുടെ മൊഴി അനുസരിച്ച് ലിഫ്റ്റിലെ തകരാറാണ് ഓൾഗയുടെ മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.