അൽ ശിഫ ആശുപത്രിയിൽ ഇന്ന് കൊല്ലപ്പെട്ടത് 40 രോഗികൾ; അന്ത്യമില്ലാതെ ഇസ്രായേൽ ആക്രമണം

വെസ്റ്റ് ബാങ്കിൽ ആംബുലൻസിൽ നിന്ന് പരിക്കേറ്റവരെയടക്കം ഇസ്രായേൽ അറസ്റ്റ് ചെയ്തു

Update: 2023-11-14 16:05 GMT
Advertising

ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം തുടരുന്നു. ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ ഇന്ന് മാത്രം കൊല്ലപ്പെട്ടത് 40 രോഗികളാണ്. ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തതു മൂലം ഗസ്സയിലെ 36ൽ 22 ആശുപത്രികളുടെയും പ്രവർത്തനം നിലച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. പ്രവർത്തിക്കുന്ന ആശുപത്രികളിൽ അവശ്യ സേവനത്തിന് മാത്രമുള്ള വിഭവങ്ങളേയുള്ളൂവെന്നും അധികൃതർ പറഞ്ഞു. 39-ാം ദിവസവും തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 11,240 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതായാണ് മുമ്പ് അധികൃതർ അറിയിച്ചത്. ഇതിൽ 4630 പേർ കുട്ടികളും 3130 പേർ സ്ത്രീകളുമാണ്. 29,000ത്തിലധികം പേർക്ക് പരിക്കേറ്റു. ഇതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.

വെസ്റ്റ് ബാങ്കിലെ തൂൽകറമിൽ ഇസ്രായേൽ ആക്രമണം തുടരുകയാണെന്ന് റെഡ് ക്രസന്റ് കുറ്റപ്പെടുത്തി. ആക്രമണത്തിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ആംബുലൻസിൽ നിന്ന് പരിക്കേറ്റവരെയടക്കം ഇസ്രായേൽ സേന അറസ്റ്റ് ചെയ്തുവെന്നും റെഡ് ക്രസൻറ് കുറ്റപ്പെടുത്തി.

അതിനിടെ, ബന്ദികളുടെ കൈമാറ്റ ചർച്ചകളിൽ പ്രതീക്ഷയില്ലെന്ന് ഇസ്‌ലാമിക് ജിഹാദ് വ്യക്തമാക്കി. ചർച്ചയുടെ രീതിയും ഇസ്രായേലിന്റെ പ്രതികരണവും പിൻമാറാൻ പ്രേരിപ്പിക്കുന്നുവെന്നും പറഞ്ഞു. അതേസമയം, ഇസ്രായേലിനെതിരെ ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതികൾ വ്യക്തമാക്കി. സൈന്യം ഇസ്രായേൽ കപ്പലുകളെ ലക്ഷ്യം വെച്ചിട്ടുണ്ടെന്നും ഹൂതികൾ പറഞ്ഞു.

അതിനിടെ, ഹമാസിന് ഗസ്സയ്ക്കുമേലുള്ള നിയന്ത്രണം നഷ്ടമായെന്ന അവകാശവാദവുമായി ഇസ്രായേൽ രംഗത്ത് വന്നു. ഗസ്സയിലെ ഹമാസിന്റെ പാർലമെന്റ് മന്ദിരം പിടിച്ചെടുത്തെന്നും ഇസ്രായേൽ പറഞ്ഞു. എന്നാൽ ഇസ്രായേലിന്റെ രണ്ട് സൈനികരെ കൊലപ്പെടുത്തിയതായും 48 മണിക്കൂറിനിടെ 20 സൈനിക വാഹനങ്ങൾ തകർത്തതായും ഹമാസ് അറിയിച്ചു.

ഗസ്സ സിറ്റിയെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാനായി നഗരത്തിലെ എല്ലാ ആശുപത്രികളെയും വളഞ്ഞിരിക്കുകയാണ് ഇസ്രായേൽ. ഇന്ധനം കൂടി തടഞ്ഞതോടെ എല്ലാ ആശുപത്രികളും പ്രവർത്തനം നിലച്ചു. ഗസ്സ സിറ്റിയിലെ അൽ ശിഫ ആശുപത്രിയിൽ കെട്ടിക്കിടക്കുന്ന നൂറിലധികം മൃതദേഹങ്ങളിൽ പലതും തെരുവുനായ്ക്കൾ ഭക്ഷിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഏറ്റവും വലിയ ആശുപത്രിയായ അൽശിഫയിൽ നവജാതശിശുക്കടക്കം നിരവധി രോഗികൾ മരണത്തിന് കീഴടങ്ങുകയാണ്. ശിശുക്കളെ മാറ്റാൻ തയാറാണെന്നും എന്നാൽ കുട്ടികളെ മറ്റു ആശുപത്രിയിലേക്ക് മാറ്റാൻ ഒരു മാർഗവും ഇല്ലെന്ന് ഗസ്സ ആരോഗ്യ മന്ത്രി അറിയിച്ചു. വൈദ്യുതിയില്ലാത്തതിനാൽ മോർച്ചറി പ്രവർത്തിക്കുന്നില്ല. പുറത്തുവെച്ച മൃതദേഹങ്ങളിൽ പലതും തെരുവുനായ്ക്കൾ ഭക്ഷിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹങ്ങൾ ആശുപത്രി കോമ്പൗണ്ടിൽ സംസ്‌കരിക്കാൻ ഒരുങ്ങുകയാണ് ജനങ്ങൾ. ഗസ്സയിലെ ആശുപത്രികൾ ശ്മശാനസമാനമായെന്ന് ലോകാരോഗ്യസംഘടനയും മുന്നറിയിപ്പ് നൽകി. രണ്ടായിരത്തോളം കാൻസർ രോഗികൾ മരുന്നില്ലാതെ മരണത്തിന്റെ വക്കിലാണ്. ഇന്ധനമില്ലാത്തതിനാൽ തെക്കൻ ഗസ്സയിലെ കുടിവെള്ള വിതരണം യുഎൻ നിർത്തി. യൂറോപ്യൻ ഗസ്സ ആശുത്രിയിലെ വെള്ളവും തീർന്നു.

ജബാലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഹമാസിന് ഗസ്സയ്ക്കുമേലുള്ള നിയന്ത്രണം പൂർണമായും നഷ്ടമായെന്ന് ഇസ്രായേൽ അറിയിച്ചു. അതേസമയം രണ്ട് ഇസ്രായേലി സൈനികർ കൂടി ഇന്നലെ രാത്രി കൊല്ലപ്പെട്ടു. ഹമാസ് ബന്ദിയാക്കിയ ഇസ്രായേൽ സൈനിക നോഅ മർജിയാനോ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.


Full View


40 patients Killed today in Gaza Al Shifa Hospital; The Israeli offensive continues

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News