ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ; 40 പേർ കൊല്ലപ്പെട്ടു

ലെബനാനു നേരെ യുദ്ധത്തിനിറങ്ങിയാൽ ഇസ്രായേലിനെ വെറുതെവിടില്ലെന്ന്​​ ഇറാൻ

Update: 2024-06-30 02:24 GMT
Advertising

ദുബൈ: റഫ ഉൾപ്പെടെ ഗസ്സയിലെങ്ങും ആക്രമണം വ്യാപിപ്പിച്ച്​ ഇസ്രായേൽ. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇന്നലെ മാത്രം 40 ഫ​ല​സ്തീ​നി​ക​ൾ കൊല്ലപ്പെടുകയും 250ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽക്കുകയും ചെയ്​തു. അഭയാർഥികളുടെ താൽക്കാലിക താമസ കേന്ദ്രങ്ങൾക്കും പ്രദേശത്തെ ജലവിതരണ സംവിധാനങ്ങൾക്കും നേരെ ആസൂത്രിത ​ ആക്രമണമാണ്​ ഇസ്രായേൽ തുടരുന്നത്.

ഗ​സ്സ​യി​ലെ ബു​റൈ​ജ് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​നു​നേ​രെ ഇന്നലെയും വ്യാപക വ്യോ​മാ​ക്ര​മ​ണ​മു​ണ്ടാ​യി. ശത്രുവിനു നേരെ ശക്​തമായ പ്രതിരോധം തുടരുന്നതായി ഹമാസ്​ സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്​സ്​ അറിയിച്ചു. സൈനിക വാഹനങ്ങൾക്കും സൈന്യം തമ്പടിച്ച കെട്ടിടങ്ങൾക്കും ​നേരെ ബോംബാക്രമണം ഉണ്ടായി. ഒരു ഓഫീസർ ഉൾപ്പെടെ രണ്ട്​ ​സൈനികരുടെ മരണം ഇസ്രായേൽ സ്​ഥിരീകരിച്ചു.

പരിക്കേറ്റ സൈനികരെ ​ഹെലികോപ്​ടർ വഴി മാറ്റുകയായിരുന്നു. ഒ​രേ​സ​മ​യം ക​ര​മാ​ർ​ഗ​വും വ്യോ​മ​മാ​ർ​ഗ​വും ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​താ​യി ഇ​സ്രാ​യേ​ൽ സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു.

ഗ​സ്സ​യി​ൽ​നി​ന്ന് കൂ​ട്ട​പ്പ​ലാ​യ​നവും തുടരുകയാണ്​. ഒ​രാ​ഴ്ച​ക്കി​ടെ, ശു​ജാ​ഇ​യ​യി​ൽ​നി​ന്നു മാ​ത്രം മു​ക്കാ​ൽ ല​ക്ഷം പേ​ർ കു​ടി​യൊ​ഴി​യാ​ൻ നി​ർ​ബ​ന്ധി​ത​രാ​യെ​ന്ന് യു.​എ​ൻ അ​റി​യി​ച്ചു.

വെടിനിർത്തൽ കരാറിന്​ വിലങ്ങുതടിയായി നിൽക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട്​ ഇസ്രായേൽ നഗരങ്ങളിൽ പ്രക്ഷോഭം ശക്​തമാണ്. ജറൂസലം, തെൽ അവീവ്​, ഹൈഫ എന്നിവിടങ്ങളിലെ റാലികളിൽ ആയിരങ്ങൾ പ​​ങ്കെടുത്തു. നെതന്യാഹുവിന്റെ ഉത്തരവ്​ അംഗീകരിക്കരുതെന്ന്​ സൈനിക വിഭാഗങ്ങളോട്​ ബന്ദികളുടെ ബന്​ധുക്കൾ ആവശ്യപ്പെട്ടു.

വെടിനിർത്തൽ കരാർ ചർച്ചകളിൽ ഒരു പുരോഗതിയും ഇല്ലെന്ന്​ ഹമാസ്​ കുറ്റപ്പെടുത്തി. സമഗ്ര വെടിനിർത്തലും സൈനിക പിൻമാറ്റവും ഉണ്ടായാൽ കരാറിന്​ തയാറാണെന്നും ഹമാസ്​ നേതാവ്​ ഒസാമ ഹംദാൻ പറഞ്ഞു.

ലബനാൻ അതിർത്തിയിലും സംഘർഷം തുടരുകയാണ്​. മെതുല്ല, അപ്പർ ഗലിലീ എന്നിവിടങ്ങളിലെ ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഹിസ്​ബുല്ലയുടെ മിസൈൽ ആക്രമണം നടന്നു. അതിർത്തി മേഖലയിൽനിന്ന്​ മാറ്റിപ്പാർപ്പിച്ചവരെ തിരികെ എത്തിക്കാനുതകുന്ന നിർണായക തീരുമാനം ഉടൻ ഉണ്ടാകുമെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറ്​ പറഞ്ഞു. ഒന്നുകിൽ കരാർ അതല്ലെങ്കിൽ യുദ്ധം മാത്രമാണ്​ പരിഹാരമെന്നും മന്ത്രി പ്രതികരിച്ചു. ലെബനാനു നേരെ യുദ്ധത്തിനിറങ്ങിയാൽ ഇസ്രായേലിനെ വെറുതെ വിടില്ലെന്ന്​​ യു.എന്നിലെ ഇറാൻ പ്രതിനിധി ഓർമിപ്പിച്ചു.

അതിനിടെ, വെസ്​റ്റ്​ ബാങ്കിൽ പുതുതായി അഞ്ച്​ അനധികൃത കുടിയേറ്റ ഭവന പദ്ധതികൾക്ക്​ കൂടി അനുമതി നൽകുമെന്ന ധനമന്ത്രി സ്​മോട്രികി​ന്റെ പ്രസ്​താവനയെ യൂറോപ്യൻ യൂനിയനും യു.എന്നും അപലപിച്ചു. ഫലസ്​തീൻ അതോറിറ്റിയെ ദുർബലപ്പെടുത്താനുള്ള നീക്കം ദോഷം ചെയ്യുമെന്നും ഇസ്രായേലിന്​ യൂറോപ്യൻ യൂനിയന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News