വിവാഹം കഴിക്കാമെന്ന പേരിൽ ഫോണും വില പിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തു; ഒടുവിൽ ആറുപേരെയും കബളിപ്പിച്ച് യുവതി
ഇവരിൽ നിന്ന് വില പിടിപ്പുള്ള ഫോണുകളും മറ്റു പല സമ്മാനങ്ങളും മാവോ വാങ്ങിയിരുന്നു
ബെയ്ജിംഗ്: വിവാഹം കഴിക്കാമെന്ന പേരിൽ ഒരേ സമയം ആറ് പുരുഷന്മാരെ കബളിപ്പിച്ച് യുവതി. ചൈനയിലെ ബെയ്ജിംഗിൽ മാവോ എന്ന് വിളിപ്പേരുള്ള 42 കാരിയെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. മധ്യവയസ്‌കയായ ആറു പേരെയാണ് ഇവർ വിവാഹ വാഗ്ദാനം നടത്തി കബളിപ്പിച്ചത്. ഇവരിൽ നിന്ന് വില പിടിപ്പുള്ള ഫോണുകളും മറ്റു പല സമ്മാനങ്ങളും മാവോ വാങ്ങിയിരുന്നു.
വളരെ സുന്ദരിയായ മാവോ ഡേറ്റിംഗ് ആപ്പുകൾ വഴിയാണ് ഇവരെയെല്ലാം പരിചയപ്പെട്ടത്. വിവാഹമോചിതയാണെന്നും മക്കളില്ലെന്നും സൂചിപ്പിച്ചാണ് ഇവർ യുവാക്കളെ പരിചയപ്പെടുന്നത്. 2021ൽ ജൂലായിൽ പരിചയപ്പെട്ട മുതൽ ആറുമാസം വരെ ഇവർ ആറുപേരെയും കബളിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
വിവാഹത്തെക്കുറിച്ച് പറയാറുണ്ടായിരുന്നെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറിയതോടെ ഇതിലൊരാൾക്ക് സംശയം തോന്നുകയും താൻ നൽകിയ സമ്മാനങ്ങളുടെ പണം തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇതിലൊരാളുമായി പിണങ്ങുകയായിരുന്നു.
തുടർന്നാണ് ഇയാൾ പൊലീസിൽ വിവരമറിയിക്കുന്നത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മറ്റുള്ള അഞ്ച് പേരെ കുറിച്ചും വിവരം ലഭിക്കുന്നത്. ആറു പേരുടെ കയ്യിൽ നിന്നുമായി 23,500 ഡോളർ വില വരുന്ന വസ്തുക്കളാണ് മാവോയുടെ കയ്യിൽ നിന്നും കണ്ടെത്തിയത്. ഇവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.