ഇസ്രായേലിലെ ഏറ്റവും വലിയ ഊർജ പ്ലാന്റിലേക്ക് ഹൈപ്പർസോണിക് മിസൈലുകൾ അയച്ച് ഹൂത്തികൾ
ഗസ്സ ആക്രമണം അവസാനിപ്പിക്കും വരെ ഇസ്രായേൽ ലക്ഷ്യമാക്കിയുള്ള വ്യോമാക്രമണങ്ങള്‍ തുടരുമെന്ന് ഹൂത്തി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സാരീ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
സൻആ/തെൽ അവീവ്: ഇസ്രായേലിലെ സുപ്രധാന ഊർജ പ്ലാന്‍റുകളിലൊന്ന് ആക്രമിച്ച് ഹൂത്തികൾ. രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്‍റായ ഒറോത്ത് റാബിനിലേക്കാണ് യമൻ സായുധസംഘം മിസൈലുകള്‍ അയച്ചതെന്ന് 'ഹാരെറ്റ്‌സ്' റിപ്പോർട്ട് ചെയ്തു. വടക്കൻ ഇസ്രായേലിലെ ഹൈഫ ജില്ലയിലുള്ള ഹദേറയിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
ഹൂത്തികൾ ഇസ്രായേലിൽ നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ദിവസം രാത്രി നടന്നതെന്നാണ് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്യുന്നത്. ഹൈപ്പർസോണിക്ക് മിസൈലുകളാണ് പ്ലാന്റ് ലക്ഷ്യമാക്കി അയച്ചതെന്ന് ഹൂത്തി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സാരീ അറിയിച്ചു. തങ്ങൾ ലക്ഷ്യമിട്ട താവളങ്ങളിൽ മിസൈൽ പതിച്ചെന്നും ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീൻ-2 എന്ന പേരുള്ള ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെല്ലാം മറികടന്ന് മിസൈലുകൾ ലക്ഷ്യസ്ഥാനം കൈവരിച്ചെന്ന് ഹൂത്തി മാധ്യമവിഭാഗം അറിയിച്ചു. തെൽഅവീവിനടുത്ത് യാഫയിലും ഹൂത്തികൾ കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയിരുന്നു.
അതേസമയം, ഊർജ കേന്ദ്രത്തിലെ നാശനഷ്ടങ്ങൾ ഉൾപ്പെടെ ആക്രമണത്തിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഗസ്സയിലെ സൈനിക നടപടികൾ അവസാനിപ്പിക്കും വരെ ഇസ്രായേൽ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ തുടരുമെന്ന് യഹ്‌യ സാരീ വ്യക്തമാക്കിയിട്ടുണ്ട്. ഗസ്സയ്ക്കുനേരെയുള്ള ഉപരോധം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ശനിയാഴ്ച രാത്രി നടന്ന ഹൂത്തി ആക്രമണശ്രമം തകർത്തെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ്(ഐഡിഎഫ്) അവകാശപ്പെട്ടു. ഇസ്രായേൽ വ്യോമാതിർത്തിയിൽ പ്രവേശിക്കും മുൻപ് തന്നെ വ്യോമപ്രതിരോധ സംവിധാനം മിസൈൽ തകർത്തെന്ന് ഐഡിഎഫ് പറഞ്ഞു.
അതേസമയം, 2023 ഒക്ടോബർ ഏഴു മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ മരിച്ചവരുടെ എണ്ണം അരലക്ഷത്തോടടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സ മുനമ്പിലെ വിവിധ മേഖലകളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 88 പേരാണു കൊല്ലപ്പെട്ടത്. 208 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്. ഇതോടെ ഔദ്യോഗിക മരണസംഖ്യ 45,805 ആയി. 1,09,064 പേരാണു ഗുരുതരമായും അല്ലാതെയും പരിക്കേറ്റവർ.
Summary: Houthis's hypersonic ballistic missiles target Israel's largest power plant, Orot Rabin, near Hadera in Haifa