വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനിടെ ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; മൂന്ന് ദിവസത്തിനിടെ മരിച്ചത് ഇരുനൂറിലധികം പേർ

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതിയിലാണ് വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നത്

Update: 2025-01-05 11:32 GMT
Editor : സനു ഹദീബ | By : Web Desk
Advertising

ഗസ്സ സിറ്റി: വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനിടെ ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇരുനൂറിലധികം ആളുകളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 88 പേർ കൊല്ലപ്പെടുകയും 208 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മൂന്ന് ദിവസത്തിനിടെ 100-ലധികം തവണ ഇസ്രായേൽ സൈന്യം ഗസ്സയിൽ ബോംബാക്രമണം നടത്തി. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.ഖത്തറിലെ ദോഹയിൽ സമാധാന ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെയാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമങ്ങൾ കനപ്പിക്കുന്നത്.

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതിയിലാണ് വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നത്. അതേസമയം, ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ ശക്തമായ പ്രതിഷേധം ഉണ്ടായതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെൽ അവീവിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് പുറത്താണ് ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടന്നത്. പ്രകടനത്തിനിടെ പോലീസ് പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി.

ഗസ്സക്കൊപ്പം അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ സൈനിക നടപടികൾ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുട്ടികളും മുൻ തടവുകാരും ഉൾപ്പെടെ കുറഞ്ഞത് 20 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിൽ തടവിൽ ആക്കിയിട്ടുണ്ട്. 2024-ൽ ഇസ്രായേൽ സൈന്യം 815 പള്ളികൾ നശിപ്പിക്കുകയും 151 പള്ളികൾക്ക് ഭാഗികമായി കേടുപാടുകൾ വരുത്തുകയും ചെയ്തതായി പലസ്തീൻ ഔഖാഫ്, മതകാര്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News