ഗസ്സയിൽ ഇസ്രായേൽ സൈന്യം തകർത്തത് 604 പള്ളികൾ, മൂന്ന് ചർച്ചുകൾ

ആയിരത്തിലധികം മൃതദേഹങ്ങൾ മോഷ്ടിച്ചു

Update: 2024-05-18 15:28 GMT
Advertising

ഗസ്സ സിറ്റി: ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന ആക്രമണത്തിൽ നൂറുകണക്കിന് പള്ളികൾ പൂർണ്ണമായും തകർന്നതായി ഗസ്സയിലെ എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫേഴ്സ് മന്ത്രാലയം അറിയിച്ചു. നിലവിലെ യുദ്ധത്തിൽ 604 പള്ളികൾ തകർന്നു. 200 എണ്ണം ഭാഗികമായി നശിച്ചു. കൂടാതെ മൂന്ന് ചർച്ചുകളും തകർത്തു.

ഇസ്രായേൽ സൈന്യം ഗസ്സയിൽ നടത്തിയ ആക്രമണത്തിനിടെ കുറഞ്ഞത് 60 സെമിത്തേരികളെങ്കിലും നശിപ്പിച്ചു. ബുൾഡോസറുകൾ ഉപയോഗിച്ച് ശവക്കുഴികൾ മാന്തുകയും 1000-ലധികം ഫലസ്തീൻ രക്തസാക്ഷികളുടെ മൃതദേഹങ്ങൾ മോഷ്ടിക്കുകയും ചെയ്തു.

മന്ത്രാലയത്തിന് കീഴിലുള്ള 15 കെട്ടിടങ്ങളും ഇസ്രായേൽ ആക്രമണത്തിൽ തകർന്നു. മന്ത്രാലയത്തിന്റെ ആസ്ഥാനം, ഗസ്സ സിറ്റിയിലെ ഹോളി ഖുർആൻ റേഡിയോയുടെ പ്രധാന ഓഫിസ്, ഖാൻ യൂനിസിലെ എൻഡോവ്‌മെന്റ് മാനേജ്‌മെന്റ് ഓഫിസ്, രേഖകളുടെയും കൈയെഴുത്തുപ്രതികളുടെയും ശേഖരം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഇസ്രായേൽ ആക്രമണത്തിൽ 91 മന്ത്രാലയ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി പ്രസ്താവനയിൽ വ്യക്തമാക്കി. ഗസ്സയിലെ നിരവധി ചരിത്ര സ്മാരകങ്ങളും പൈതൃക സ്ഥലങ്ങളും ഇസ്രായേൽ തകർത്തതായി വിവിധ എൻ.ജി.ഒകൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 35,386 ആയി ഉയർന്നു. 79,366 പേർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് കൂട്ടക്കൊലകൾ നടത്തി. ഇതിൽ 83 പേർ കൊല്ലപ്പെടുകയും 105 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചെന്ന് കരുതപ്പെടുന്ന ആയിരക്കണക്കിന് പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിലാണെന്ന് ആരോഗ്യം മന്ത്രാലയം അറിയിച്ചു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News