Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പാരിസ്: ഫ്രാന്‍സിന്റെ തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാവും നാഷണല്‍ ഫ്രണ്ട് പാര്‍ട്ടി സ്ഥാപകനുമായ ജീന്‍-മാരി ലെ പെന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. നാഷണല്‍ റാലിയുടെ പ്രസിഡന്റ് ജോര്‍ദന്‍ ബര്‍ദെല്ലയാണ് എക്‌സിലൂടെ മരണ വര്‍ത്ത സ്ഥിരീകരിച്ചത്.
1972ലായിരുന്നു ജീന്‍-മാരി ലെ പെന്‍ നാഷണല്‍ ഫ്രണ്ട് പാര്‍ട്ടി രൂപീകരിക്കുന്നത്. 2002ലെ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജാക്വസ് ഷിറാകിനെതിരെ മത്സരിച്ച ജീന്‍-മാരി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. വര്‍ഷങ്ങളോളം ഫ്രഞ്ച് രാഷ്ട്രീയത്തിലെ വിവാദനായകനായിരുന്നു അദ്ദേഹം. ജര്‍മനിയിലെ നാസി ഭരണകൂടം ജൂതരെ വംശഹത്യ ചെയ്ത ഹോളോകോസ്റ്റ് കെട്ടുകഥയാണെന്നായിരുന്നു ജീന്‍-മാരിയുടെ നിലപാട്. ഇതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടി തന്നെ 2015ല്‍ അദ്ദേഹത്തെ പുറത്താക്കി.
എന്നും ഫ്രാന്‍സിനെ സേവിച്ച ജീന്‍-മാരി രാജ്യത്തിന്റെ സ്വത്വവും പരമാധികാരവും സംരക്ഷിച്ചിരുന്നെന്ന് നാഷണല്‍ റാലി പ്രസിഡന്റ് ജോര്‍ദന്‍ ബര്‍ദെല്ല പറഞ്ഞു. കുടിയേറ്റത്തിനും ബഹുസ്വര സംസ്‌കാരത്തിനുമെതിരായ അദ്ദേഹത്തിന്റെ നിലപാടിന് ഫ്രാന്‍സില്‍ ശക്തമായ വേരോട്ടം ലഭിച്ചിരുന്നു.