സ്ഥാനാർഥികൾ യുദ്ധരംഗത്ത്; ഇസ്രായേൽ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനൊരുങ്ങുന്നു
തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ യുദ്ധത്തിന് വന്നവരെ വിട്ടയക്കാനാകില്ലെന്ന് ഐ.ഡി.എഫ്
ഫലസ്‍തീനിൽ തിരിച്ചടി നേരിടുന്ന ഇസ്രായേൽ തദ്ദേശ തിരഞ്ഞെടുപ്പ് വീണ്ടും മാറ്റിവെക്കാനൊരുങ്ങുന്നു. ഒക്ടോബറിൽ നിന്ന് ജനുവരി 30 ലേക്ക് മാറ്റിയ തെരെഞ്ഞടുപ്പാണ് വീണ്ടും നീട്ടിവെക്കാനൊരുങ്ങുന്നത്. സ്ഥാനാർഥികളിൽ വലിയൊരു വിഭാഗം നിലവിൽ ഫലസ്‍തീനെതിരെ യുദ്ധം ചെയ്യാൻ ഐ.ഡി.എഫിനൊപ്പമാണ്. തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ അവർ യുദ്ധരംഗത്ത് നിന്ന് മടങ്ങിയെത്തണം.
എന്നാൽ ഫലസതീന്റെയടുത്തു നിന്ന് വലിയ തോതിൽ തിരിച്ചടി നേരിടുന്നതിനാൽ സേനയുടെ ഭാഗമായവരെ നിലവിൽ വിട്ട് നൽകാനാവില്ലെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ് ) സർക്കാറിനെ അറിയിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ ആലോചിക്കുന്നത്.
ഹമാസുമായുള്ള ഏറ്റുമുട്ടലിൽ സൈനികർ കൊല്ലപ്പെടുന്നതും പ്രതിരോധത്തിലുമാകുന്നതിനിടയിൽ ഒരു വിഭാഗത്തെ തെരഞ്ഞെടുപ്പിനായി വിട്ടാൽ അത് മറ്റുള്ളവരുടെ മനോധൈര്യത്തെ കൂടി ബാധിക്കുമെന്നാണ് ഐ.ഡി.എഫ് വിലയിരുത്തുന്നത്.സേനക്കൊപ്പമുള്ള സ്ഥാനാർഥികളെ വിട്ട് നൽകാനാകില്ലെന്ന് വെള്ളിയാഴ്ച ഐ.ഡി.എഫ് റിപ്പോർട്ടും നൽകി.
കണക്കുകൾ അനുസരിച്ച് സ്ഥാനാർഥികളിൽ വലിയൊരു വിഭാഗം ഐ.ഡി.എഫിന്റെ വിവിധമേഖലകളിൽ ജോലി ചെയ്യുന്നവരാണ്. അതിൽ 1,829 പേർ സേനയുടെ മുൻനിരയിലാണ്.688 പേർ പ്രധാനപ്പെട്ട മേഖലകളിലാണ് നിലവിൽ ജോലിചെയ്യുന്നതെന്നും ഐ.ഡി.എഫ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനോടും ഈ മാസം ആദ്യം ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് ആവശ്യപ്പെട്ടിരുന്നു.