60 വർഷത്തെ കാത്തിരിപ്പ്; കൂട്ടുകാരിയോട് പ്രണയം തുറന്നു പറഞ്ഞ് 78കാരൻ, വീഡിയോ വൈറൽ
60ാം ഹൈസ്‌കൂൾ റീയൂണിയന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് തോമസ് നാൻസിയെ പ്രൊപ്പോസ് ചെയ്യുന്നത്
പ്രണയത്തിന് കണ്ണില്ല എന്ന് പറയാറുണ്ട്. ഇത് ഏറെക്കുറെ ശരിയാണ് താനും. പ്രണയത്തിന് പ്രായമില്ല എന്നായാലോ? ഇത് വളരെ ശരിയാണ് എന്നെടുത്ത് പറയും ഫ്‌ളോറിഡയിലെ ചർമരോഗവിദഗ്ധനായ തോമസ് മക്കീനും പങ്കാളി നാൻസി ഗാംബെല്ലും. കാരണം തോമസ് നാൻസിയോട് പ്രണയം തുറന്നു പറഞ്ഞത് തന്റെ 78ാം വയസ്സിലാണ്...
ഹൈസ്‌കൂൾ വരെ ഒരുമിച്ചു പഠിച്ചവരാണ് നാൻസിയും തോമസും. കാലിഫോർണിയയിലായിരുന്നു ഇരുവരും അന്ന്. പിന്നീട് ഉപരിപഠനത്തിന്റെ ഭാഗമായി രണ്ടു പേരും രണ്ട് സ്ഥലത്തേക്ക് പോയി. അതിൽ പിന്നെ ഇരുവരും കാണുന്നത് ഹൈസ്‌കൂൾ റീയൂണിയന്റെ 50ാം വാർഷികത്തിലാണ്. തല നരച്ച് അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ ആയിരുന്നു ഇരുവരും അന്ന്. പഴയ സൗഹൃദം പുതുക്കി ഓർമകളൊക്കെ പങ്കുവെച്ച് അന്ന് ഇരുവരും പിരിഞ്ഞു. അന്ന് വിവാഹിതരായി ദാമ്പത്യജീവിതം നയിക്കുന്നവരായിരുന്നു ഇരുവരും. പക്ഷേ പിന്നീട് ഇരുവരും ബന്ധം വേർപ്പെടുത്തി. എന്നാൽ 60ാം ഹൈസ്‌കൂൾ റീയൂണിയന് മുമ്പ് ഇരുവരെയും വിധി വീണ്ടും ഒന്നിപ്പിച്ചു. സ്‌കൂൾ കാലം മുതലേ നാൻസിയോട് തനിക്കുണ്ടായിരുന്ന പ്രണയം തുറന്നു പറഞ്ഞാലെന്താണ് എന്ന തോമസിന്റെ ചിന്ത ഒടുവിൽ പ്രണയാഭ്യർഥനയിലെത്തുകയും ലോകം മുഴുവൻ ആ മനോഹരനിമിഷം കണ്ട് ആസ്വദിക്കുകയും ചെയ്തു.
ഹൈസ്‌കൂൾ റീയൂണിയന്റെ 60 വാർഷികത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് തോമസ് നാൻസിയെ പ്രൊപ്പോസ് ചെയ്യുന്നത്. ഫ്‌ളോറിഡയിലെ ടാംപ എയർപോർട്ടിൽ വെച്ചായിരുന്നു വൈറലായ ആ പ്രണയാഭ്യർഥന. ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും പാശ്ചാത്യ രീതിയിൽ മുട്ടുകുട്ടി തോമസ് നാൻസിയോട് വിവാഹാഭ്യർഥന നടത്തി. നാൻസി സമ്മതമറിയിച്ചതോടെ തോമസിനൊപ്പം എയർപോർട്ടിലുണ്ടായിരുന്ന മറ്റ് ആളുകളുടെയും കണ്ണുകൾ ഈറനണിഞ്ഞു.
സമൂഹമാധ്യമങ്ങളിൽ വളരെപ്പെട്ടെന്നാണ് പ്രൊപ്പോസൽ വീഡിയോ വൈറലായത്. പ്രണയത്തിന് പ്രായമില്ലെന്നും നമുക്ക് വിധിച്ചതെങ്കിൽ നമ്മളെ തേടിയെത്തും എന്നൊക്കെയാണ് ട്വിറ്ററിൽ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.