80 ശതമാനം ഇസ്രായേലികളും രാജ്യത്തേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നില്ലെന്ന് റിപ്പോർട്ട്

‘ഇസ്രായേലിലെ ജനങ്ങൾ അസ്ഥിരതയിലൂടെയാണ് കടന്നുപോകുന്നത്’

Update: 2024-01-20 15:42 GMT
Advertising

വിവിധ നാടുകളിൽ കഴിയുന്ന ഇസ്രായേലികളിൽ 80 ശതമാനം പേരും രാജ്യത്തേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നില്ലെന്ന് സർവേ റിപ്പോർട്ട്. ഇസ്രായേൽ ചാനലായ കാൻ ടി.വിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് ശേഷം ആളുകൾ ഇസ്രായേലിലേക്ക് മടങ്ങാൻ വിമുഖത കാണിക്കുകയാണ്. വേൾഡ് സയണിസ്റ്റ് ഓർഗനൈസേഷനാണ് സർവേ നടത്തിയത്.

‘ഇസ്രായേലിലെ ജനങ്ങൾ അസ്ഥിരതയിലൂടെയാണ് കടന്നുപോകുന്നത്. ഇത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഞങ്ങൾ ഞെട്ടലിന് അതീതമല്ല, മറിച്ച് ആ ഞെട്ടലിനുള്ളിലാണുള്ളത്’ -വേൾഡ് സയണിസ്റ്റ് ഓർഗനൈസേഷനിലെ ഓർഗനൈസേഷൻ ആൻഡ് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് തലവൻ ഗുസ്തി യെഹോഷ്വാ ബ്രാവർമാൻ പറഞ്ഞു.

അടുത്ത കാലത്തായി വിദേശ പൗരത്വത്തിനായുള്ള അപേക്ഷകളുടെ എണ്ണം, രണ്ടാമത്തെ പാസ്‌പോർട്ട് കൈവശം വെച്ചിരിക്കുന്നവർ, ആളുകൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലം എന്നിവയെക്കുറിച്ചെല്ലാം ഇസ്രായേലി പോപ്പുലേഷൻ ആൻഡ് ഇമിഗ്രേഷൻ അതോറിറ്റിയുടെ കണക്കുകൾ ഇസ്രായേലി മാധ്യമങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഈ കണക്ക് അനുസരിച്ച് നിരവധി പേരാണ് സ്പെയിൻ, പോർച്ചുഗൽ, അമേരിക്ക, ജർമ്മനി എന്നിവിടങ്ങളിലേക്കെല്ലാം കുടിയേറൻ നടപടി ആരംഭിച്ചിരിക്കുന്നത്.

ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേലിൽ 1139 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. അതേസമയം, ഗസ്സയിൽ 24,927 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 165 പേർ കൊല്ലപ്പെട്ടെന്നും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Summary : 80 percent of Israelis reportedly do not want to return to the country

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News