കാത്തിരിപ്പിന് നിരാശ ഫലം; ഇന്ത്യൻ പൗരത്വം ലഭിക്കാതെ 800ഓളം പാക് ഹിന്ദുക്കൾ നാട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്

നാട്ടിലേക്ക് തിരിച്ചുപോയവരെ പാക് ഏജൻസികൾ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ഉപയോഗിക്കുകയാണെന്ന് സീമന്ത് ലോക് സംഘടന്‍ ആരോപിച്ചു

Update: 2022-05-09 15:17 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ആഗ്രഹിച്ചെത്തിയ നൂറുകണക്കിനു പാക് ഹിന്ദുക്കൾ നിരാശരായി നാട്ടിലേക്കു മടങ്ങിയതായി റിപ്പോർട്ട്. പാകിസ്താൻ അടക്കമുള്ള അയൽരാജ്യങ്ങളിൽ പീഡനം നേരിടുന്നവർ എന്ന പേരിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്ക് കേന്ദ്ര സർക്കാർ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. ഈ വിവരം അറിഞ്ഞെത്തിയ 800ഓളം ഹിന്ദുക്കളാണ് പൗരത്വം ലഭിക്കാതെ നിരാശരായി പാകിസ്താനിലേക്ക് മടങ്ങിയതെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലുള്ള പാകിസ്താനി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സീമന്ത് ലോക് സംഘടന്‍(എസ്.എൽ.എസ്) ആണ് ഇതിന്റെ കണക്കുകൾ പുറത്തുവിട്ടത്. രാജസ്ഥാനിൽനിന്നു മാത്രമാണ് 800ഓളം പേർ നിരാശരായി പാകിസ്താനിലേക്ക് മടങ്ങിയത്. ലക്ഷങ്ങൾ ചെലവഴിച്ച് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചിട്ടും ഒരു പുരോഗതിയുമില്ലാത്തതിനെ തുടർന്നാണ് ഇവർ തിരിച്ചുപോയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

നാട്ടിലേക്ക് തിരിച്ചുപോയ ശേഷം ഇവരെ പാക് ഏജൻസികൾ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ഉപയോഗിക്കുകയാണെന്ന് എസ്.എൽ.എസ് ആരോപിച്ചു. ഇവരെ മാധ്യമങ്ങൾക്കു മുന്നിൽ അണിനിരത്തി ഇന്ത്യയിൽ മോശം അനുഭവം നേരിട്ടെന്ന് പറയിപ്പിച്ചതായും എസ്.എൽ.എസ് പ്രസിഡന്റ് ഹിന്ദു സിങ് സോധ ആരോപിക്കുന്നു.

ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചത് ആയിരങ്ങൾ

2018ലാണ് അയൽരാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം വാഗ്ദാനം ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഓൺലൈൻ അപേക്ഷാ നടപടിക്രമങ്ങൾ ആരംഭിച്ചത്. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാഴ്‌സി, ജൈന, ബുദ്ധ മതവിഭാഗക്കാർക്കാണ് പൗരത്വം വാഗ്ദാനം ചെയ്തത്. ഓൺലൈൻ അപേക്ഷ സ്വീകരിക്കാനായി ഏഴ് സംസ്ഥാനങ്ങളിൽ 16 കലക്ടർമാരെ നിയോഗിക്കുകയും ചെയ്തിരുന്നു.

2021 മേയിൽ അഞ്ച് സംസ്ഥാനങ്ങളിൽ 13 ജില്ലാ കലക്ടർമാർക്കുകൂടി ഇതിന്റെ ചുമതല നൽകി. ഗുജറാത്ത്, ചത്തിസ്ഗഢ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട കലക്ടർമാർക്കാണ് 1955ലെ പൗരത്വ നിയമപ്രകാരം അപേക്ഷകൾ പരിശോധിച്ച് പൗരത്വം അനുവദിക്കാനുള്ള അനുമതിയാണ് നൽകിയത്.

പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എന്നാൽ, അപേക്ഷിക്കേണ്ട പോർട്ടലിൽ കാലാവധി തീർന്ന പാകിസ്താൻ പാസ്‌പോർട്ടുകൾ സ്വീകരിക്കില്ല. തുടർന്ന് പലരും ഡൽഹിയിലെ പാക് ഹൈക്കമ്മിഷനിലെത്തി വൻ തുക നൽകിയാണ് പാസ്‌പോർട്ടുകൾ പുതുക്കിയത്. പത്തുപേരുള്ള കുടുംബത്തിന് ഒരു ലക്ഷം വരെ ഫീയായി അടക്കേണ്ടിവന്നിട്ടുണ്ടെന്ന് ഹിന്ദു സിങ് സോധ പറയുന്നു. ഓൺലൈനായി അപേക്ഷിക്കുന്നതിനു പുറമെ രേഖകൾ നേരിട്ടും സമർപ്പിക്കണം.

10,635 പൗരത്വ അപേക്ഷകളാണ് പരിഗണനയിലുള്ളതെന്ന് കഴിഞ്ഞ ഡിസംബർ 22ന് ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചിരുന്നു. ഇതിൽ 7,306 പേരും പാകിസ്താനിൽനിന്നുള്ളവരാണ്. എന്നാൽ, രാജസ്ഥാനിൽ മാത്രം പൗരത്വം കാത്ത് 25,000ത്തോളം പാകിസ്താനി ഹിന്ദുക്കളുണ്ടെന്നാണ് ഹിന്ദു സിങ് സോധ പറയുന്നത്.

Summary: 800 Pakistani Hindus left India after failing to get citizenship: Report

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News