Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അറിവുണ്ടായിരുന്നുവെന്ന കനേഡിയൻ മാധ്യമറിപ്പോര്‍ട്ടിലെ ആരോപണങ്ങൾ നിഷേധിച്ച് ജസ്റ്റിൻ ട്രൂഡോ സർക്കാർ. മോദിയെ കൂടാതെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്കെതിരെയും ക്രിമിനൽ ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു.
കാനഡയ്‌ക്കുള്ളിലെ ഗുരുതരമായ ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിയെയോ മന്ത്രി ജയശങ്കറിനെയോ അജിത് ഡോവലിനെയോ ബന്ധപ്പെടുത്തുന്നതായി കാനഡ സർക്കാർ പ്രസ്താവിച്ചിട്ടില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ രഹസ്യാന്വേഷണ ഉപദേഷ്ടാവ് നതാലി ജി. ഡ്രൂയിൻ പ്രസ്താവനയിൽ പറഞ്ഞു.
ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന കാനഡ മാധ്യമറിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്‌ക്കെതിരേയുള്ള അപകീര്‍ത്തിപ്രചാരണമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞിരുന്നു. കാനഡയിലെ 'ഗ്ലോബ് ആൻഡ് മെയിൽ' ദിനപ്പത്രമാണ് മോദിക്കെതിരെ റിപ്പോർട്ട് നൽകിയത്. മാധ്യമറിപ്പോര്‍ട്ട് ഇന്ത്യ ശക്തമായി നിഷേധിച്ചതിന് പിന്നാലെയാണ് കനേഡിയൻ സർക്കാരിൻ്റെ പ്രസ്താവന.
ഖാലിസ്ഥാൻ നേതാവായ ഹര്‍ദീപ് സിങ് നിജ്ജാര്‍ 2023 ജൂണിലാണ് വാന്‍കൂവറില്‍വെച്ച് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. ഇന്ത്യയ്‌ക്കെതിരെ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണവുമായി രംഗത്തെത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഒക്ടോബറില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് വര്‍മയേയും മറ്റുചില നയതന്ത്ര ഉദ്യോഗസ്ഥരേയും നിജ്ജാറിന്റെ വധത്തില്‍ കാനഡ ബന്ധപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള നയന്ത്രഉദ്യോഗസ്ഥരെ പുറത്താക്കിയതായും കാനഡ സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കാനഡയില്‍ നിന്നുള്ള ചില ഉദ്യോഗസ്ഥരെ ഇന്ത്യയും പുറത്താക്കി.
കാനഡയുടെ മണ്ണില്‍ കനേഡിയന്‍ പൗരര്‍ക്കെതിരേയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലൂടെ മൗലികമായ പിഴവാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് താന്‍ കരുതുന്നതെന്നും അത്തരം നടപടികള്‍ തങ്ങള്‍ക്കൊരിക്കലും സ്വീകാര്യമല്ലെന്നും ട്രൂഡോ പറഞ്ഞിരുന്നു.