'ലണ്ടനിൽ നിലത്ത് പത്രം വിരിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന മലയാളി വിദ്യാർത്ഥികൾ'; യു.കെയിൽ അത്ര 'പോഷ്' അല്ല ജീവിതം!

വിദ്യാർത്ഥി വിസയിലെത്തി കാലാവധി തീർന്നിട്ടും ഏകദേശം 83,600ലേറെ വിദേശികൾ യു.കെയിൽ ഇപ്പോഴും തങ്ങുന്നുണ്ടെന്നാണ് ബ്രിട്ടീഷ് മാധ്യമമായ 'സ്‌കൈ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നത്

Update: 2023-08-05 07:51 GMT
Editor : Shaheer | By : Web Desk
Advertising

ലണ്ടൻ: ''ഇന്നലെ കുടുംബവുമൊത്തെ ലണ്ടനിലെ ചൈനാ ടൗൺ സന്ദർശിച്ചിരുന്നു. ഇതിനിടയിൽ 15ഓളം മലയാളി യുവാക്കളെ(18നും 25നും ഇടയിൽ പ്രായമുണ്ടെന്നു തോന്നിക്കുന്ന) കണ്ടു ഞെട്ടി. ഒരു കടയുടെ മൂലയിൽ പത്രം നിലത്തുവിരിച്ചു തോളിൽ ഫുഡ് ഡെലിവറി ബാഗുകളുമായി ഇരിക്കുകയായിരുന്നു അവർ. മലയാളം സംസാരിക്കുന്നതു കേട്ടാണ് അവർ മലയാളികളാണെന്നും മനസിലായത്. ഈ യുവാക്കളുടെ രംഗം ഞങ്ങളുടെ കണ്ണുകൾക്ക് അവിശ്വസനീയമായിരുന്നു. യു.കെയിലെ രണ്ടു പതിറ്റാണ്ടു കാലത്തെ ജീവിതത്തിൽ ഇത്തരമൊരു അവസ്ഥ കാണുന്നത് ആദ്യമായാണ്.''

മാഞ്ചസ്റ്റർ യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള എൻ.എച്ച്.എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ജോലി ചെയ്യുന്ന മലയാളിയായ അജിമോൾ പ്രദീപ് ഇന്നലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് ഈ കുറിപ്പ്. ഇതോടൊപ്പം കുട്ടികൾ നിലത്ത് ചമ്രം പടിഞ്ഞിരിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. ബ്രിട്ടനിലേക്ക് പഠിക്കാനായി മക്കളെ അയക്കുന്ന രക്ഷിതാക്കളെ അഭിസംബോധന ചെയ്തുള്ള കുറിപ്പിൽ യു.കെയിലെ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ദുരിതജീവിതത്തെക്കുറിച്ചാണ് ഇവർ പറയുന്നത്.

ലോണ്‍ അടച്ചുതീര്‍ക്കണം; പട്ടിണി മാറ്റണം

വിദ്യാർത്ഥി വിസയിലെത്തി കാലാവധി തീർന്നിട്ടും ഏകദേശം 83,600ലേറെ വിദേശികൾ യു.കെയിൽ ഇപ്പോഴും തങ്ങുന്നുണ്ടെന്നാണ് ബ്രിട്ടീഷ് മാധ്യമമായ 'സ്‌കൈ ന്യൂസ്' കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർത്തയിൽ പറയുന്നത്. ഇതിൽ എണ്ണമറ്റ മലയാളികളും ഉൾപ്പെടും. ഇവരിൽ ബഹുഭൂരിഭാഗം പേരും കടുത്ത ദുരിതജീവിതമാണ് അവിടെ നയിക്കുന്നതെന്നാണ് റിപ്പോർട്ട്.

യു.കെയിലെത്തുമ്പോൾ ഇതാകും ഇവിടത്തെ സ്ഥിതി എന്ന് അറിയുമായിരുന്നില്ലെന്നാണ് ജോലിയില്ലാതെ അലയുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ ഒരാളായ ധനബാൽ സ്‌കൈ ന്യൂസിനോട് പറഞ്ഞത്. ഇപ്പോൾ എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന സ്ഥിതിയാണ്. ഏഴര ലക്ഷത്തോളം ഒരു റിക്രൂട്ടിങ് ഏജൻസിക്കു നൽകിയാണ് യു.കെയിലെത്തിയതെന്നും യുവാവ് ചാനലിനോട് വെളിപ്പെടുത്തി.

നാട്ടിൽനിന്നു കാണുന്ന പോലെയല്ല യു.കെ ജീവിതമെന്നാണ് പല വിദ്യാർത്ഥികളും വെളിപ്പെടുത്തുന്നത്. ലക്ഷങ്ങൾ ലോണെടുത്താണ് അവിടെയെത്തുന്നത്. ലോൺ തിരിച്ചുവീട്ടുക എന്ന വലിയ ബാധ്യതയ്‌ക്കൊപ്പം യു.കെയിലെ നിത്യജീവിതത്തിനും ആവശ്യമായ പണം കണ്ടെത്തേണ്ടതുണ്ട്. ഇതിനുവേണ്ടി എന്തു തൊഴിലുമെടുക്കാൻ നിർബന്ധിതരാകുകയാണിവർ. ഫുഡ് ഡെലിവറി ബോയ്, ബർഗർ ഷോപ്പിൽ സെയിൽസ് ബോയ് മുതൽ ക്ലീനിങ് തൊഴിലും കെയർ ഹോമുകളിൽ പ്രായമായവരെ പരിപാലിക്കുന്ന തൊഴിലുകൾ വരെ ചെയ്യുന്നവരുണ്ട്.

Full View

ഇതിനിടയിൽ കഷ്ടപ്പെട്ടാണ് പലരും പഠനം മുന്നോട്ടുകൊണ്ടുപോകുന്നത്. ചിലർക്കു പഠനം പൂർത്തിയാക്കാനുമാകാറില്ല. താമസത്തിനു വൻ വാടകത്തുകയാണു നൽകേണ്ടത്. എന്നാൽ, ഒരു നേരത്തെ ഭക്ഷണത്തിനു പോലും കഷ്ടപ്പെടുന്നവരും യു.കെയിൽ വിദ്യാർത്ഥി വിസയിൽ എത്തിയവരുടെ കൂട്ടത്തിലുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Summary: More than 83,600 students still stay in UK after their study visa expired, and many of them struggle to find a job and afford living expenses

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News