ഇമ്രാൻ പക്ഷത്തെ ഒതുക്കാൻ കൈകോർത്ത് പാർട്ടികൾ; പാകിസ്താനിൽ സഖ്യസർക്കാർ

നിലവിൽ ജയിലിൽ കഴിയുകയാണ് മുൻ ക്രിക്കറ്റർ കൂടിയായ ഇംറാൻ ഖാൻ

Update: 2024-02-21 17:03 GMT
Advertising

ഇസ്‌ലാമാബാദ്: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ പാകിസ്താനിൽ സഖ്യസർക്കാർ വരുന്നു. പാകിസ്താൻ മുസ്‌ലിം ലീഗും (നവാസ്) പാകിസ്താൻ പീപ്പ്ൾസ് പാർട്ടിയും സഖ്യസർക്കാർ രൂപീകരിക്കാൻ ധാരണയിലെത്തി. മുൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലായിരിക്കും സർക്കാർ. മുഖ്യഎതിരാളിയായ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ ഒതുക്കാനാണ് പാർട്ടികൾ കൈകോർത്തത്. ഇംറാൻ ഖാന്റെ പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടിയെ പിന്താങ്ങുന്നവർക്കാണ് പാർലമെൻറിൽ ഭൂരിപക്ഷം. പിഎംഎൽ എന്നിനും പിപിപിക്കും ഇവരേക്കാൾ കുറവ് സീറ്റാണുള്ളത്.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ വൈകിയതും അട്ടിമറി ആരോപണങ്ങളും ഏറെ വിവാദങ്ങളാണ് പാകിസ്താനിൽ സൃഷ്ടിച്ചത്. തെരഞ്ഞെടുപ്പിൽ പാർട്ടി അനുകൂലികൾ നേട്ടമുണ്ടാക്കിയെങ്കിലും അഴിമതിയടക്കമുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനാൽ ഇംറാൻ ഖാന് പത്ത് വർഷത്തേക്ക് പൊതുപദവികൾ വഹിക്കാനാകില്ല. നിലവിൽ ജയിലിൽ കഴിയുകയാണ് മുൻ ക്രിക്കറ്റർ കൂടിയായ ഇംറാൻ ഖാൻ.

അതേസമയം, നീണ്ട ചർച്ചകൾക്ക് പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോയാണ് ഷഹബാസ് പുതിയ പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചത്. അതേസമയം, പിപിപി നേതാവ് ആസിഫ് അലി സർദാരി (68) പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സംയുക്ത സ്ഥാനാർത്ഥിയാകും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News