ഇവിടുത്തെ ജീവിതം വളരെ മോശമാണ്...വിശപ്പ്, അനീതി എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു; ഗസ്സയില്‍ നിന്നും കുടിയിറക്കപ്പെട്ട സ്ത്രീ
ഒരു ടെന്‍റിന്‍റെ മൂലയിലുള്ള തന്‍റെയും കുടുംബത്തിന്‍റെയും ജീവിതമാണ് സ്ത്രീ വിവരിക്കുന്നത്
ഗസ്സ: ഇസ്രായേലിന്‍റെ ആക്രമണത്തെ തുടര്‍ന്ന് ഗസ്സയില്‍ നിന്നും കുടിയിറക്കപ്പെട്ട ഒരു സ്ത്രീ അഭയാര്‍ഥി ക്യാമ്പിലെ തന്‍റെ ജീവിതത്തെക്കുറിച്ച് എഴുതിയ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒരു ടെന്‍റിന്‍റെ മൂലയിലുള്ള തന്‍റെയും കുടുംബത്തിന്‍റെയും ജീവിതമാണ് സ്ത്രീ വിവരിക്കുന്നത്.
നിന്നുതിരിയാന്‍ പോലും ഇടമില്ലാത്ത ഒരു ഭാഗത്താണ് യുവതിയും മാതാവ്,മൂന്നു സഹോദരങ്ങള്‍,ആന്‍റി,ഇളയ മകന്‍ എന്നിവരടങ്ങിയ കുടുംബം കഴിയുന്നത്. പക്ഷെ ഇത്തിരി സ്ഥലം അവര്‍ വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ''"ഇവിടെ ഈ കൂടാരത്തിൽ, ഞങ്ങൾ ദിവസം മുഴുവൻ ചെലവഴിക്കുന്നു - എന്‍റെ മൂന്ന് സഹോദരങ്ങൾ, എന്‍റെ അമ്മ, എന്‍റെ അമ്മായി, അവളുടെ ചെറിയ മകൻ. ഇതാണ് ഞങ്ങളുടെ വീട്, ഞങ്ങളുടെ അടുക്കള, അതിഥികളെ ഞങ്ങൾ സ്വാഗതം ചെയ്യുന്ന സ്ഥലം, രാത്രി വൈകിയെത്തുന്ന എന്‍റെ സഹോദരങ്ങൾ ഉറങ്ങുന്ന സ്ഥലം.
ഇവിടുത്തെ ജീവിതം ഏറ്റവും മോശമാണ്; അത് അനീതി, അടിച്ചമർത്തൽ, വിശപ്പ്, മാനസിക സമ്മർദ്ദം എന്നിവയാൽ നിറഞ്ഞിരിക്കുന്നു. എന്‍റെ വീടിന്റെ ഊഷ്‌മളമായ ഒരു കോണിലേക്ക് മടങ്ങാനും അതിന്റെ അവശിഷ്ടങ്ങൾക്ക് മുകളിൽ ഇരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു'' എന്നാണ് യുവതി എഴുതിയത്.
അതേസമയം ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. : മധ്യസ്ഥരാജ്യങ്ങളമായി ആശയവിനിമയം തുടരുന്നുണ്ടെങ്കിലും യുദ്ധം നിർത്താതെ ബന്ദിമോചന ചർച്ചക്കില്ലെന്ന നിലപാടിലാണ് ഹമാസ് നേതൃത്വം. .യുദ്ധം നീളുന്ന സാഹചര്യത്തിൽ ഇസ്രായേലിന് കൂടുതൽ ആയുധങ്ങൾ അനുവദിക്കുമെന്ന് പെന്‍റഗണ്‍ വ്യക്തമാക്കി. ഖാൻ യൂനുസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചു.ഖാൻ യൂനുസിനു നേർക്ക് രാത്രി നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു.