'ഇറോട്ടിക് മസാജ്, വഴങ്ങിയാൽ കുതിരയെ വാങ്ങിത്തരാം'; മസ്‌കിനെതിരെ ലൈംഗികാരോപണം

മധ്യസ്ഥനൊപ്പം ഒത്തുതീർപ്പിനായി മസ്‌ക് നേരിട്ടാണ് ചർച്ചകൾ നടത്തിയത്

Update: 2022-05-20 09:51 GMT
Editor : abs | By : Web Desk
Advertising

കാലിഫോർണിയ: ശതകോടീശ്വരനും ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ മേധാവിയുമായ ഇലോൺ മസ്‌കിനെതിരെ ലൈംഗികാരോപണം. സ്‌പേസ് എക്‌സ് കോർപറേറ്റ് ജറ്റ് ഫ്‌ളൈറ്റിൽ ജോലി ചെയ്തിരുന്ന എയർ ഹോസ്റ്റസിനു നേരെയുണ്ടായ പീഡനശ്രമം, അവരുടെ സുഹൃത്താണ് വെളിപ്പെടുത്തിയത്. സംഭവം പുറത്തു പറയാതിരിക്കാൻ സ്‌പേസ് എക്‌സ് രണ്ടര ലക്ഷം യുഎസ് ഡോളർ (ഏകദേശം രണ്ടു കോടി രൂപ) നല്‍കിയെന്നും അവർ ആരോപിച്ചു. 

2016ല്‍ ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ മസ്‌കിന്റെ ഗൾഫ്‌സ്ട്രീം ജി650 ഇആർ വിമാനത്തിലാണ് സംഭവം. ആരോപണം മസ്‌ക് നിഷേധിച്ചു. 'സമ്പൂർണമായി ശരിയല്ല' എന്ന് ട്വിറ്ററിൽ കുറിച്ച മസ്‌ക് ഇത് രാഷ്ട്രീയ പ്രേരിതമാണ് എന്നും കുറ്റപ്പെടുത്തി. ബിസിനസ് ഇൻസൈഡറാണ് എയർ ഹോസ്റ്റസിന്റെ സുഹൃത്തിന്‍റെ ആരോപണം പുറത്തുവിട്ടത്.

'വിമാനയാത്രയ്ക്കിടെ ഫ്ളൈറ്റ് അറ്റന്‍ഡറെ ബോഡി മസാജിനായി മസ്‌ക് അദ്ദേഹത്തിന്റെ മുറിയിലേക്കു വിളിപ്പിച്ചു. ശരീരത്തിന്റെ താഴ്ഭാഗം മറച്ച ചെറിയ ഷീറ്റ് ഒഴിച്ചാൽ മസ്‌ക് പൂർണ നഗ്‌നനായിരുന്നു. മസാജിങ്ങിനിടെ അദ്ദേഹം സ്വകാര്യഭാഗം തുറന്നുകാട്ടി. അനുവാദമില്ലാതെ കാലില്‍ സ്പർശിച്ചു. വഴങ്ങിയാൽ കുതിരയെ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തു' - അവർ വെളിപ്പെടുത്തി. 

വഴങ്ങാതിരുന്ന എയർ ഹോസ്റ്റസ് മസാജ് തുടർന്നു. ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പെരുമാറ്റത്തിൽ ഏർപ്പെട്ടില്ല. പണമോ സമ്മാനമോ സ്വീകരിച്ചില്ല. ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.- സുഹൃത്ത് വ്യക്തമാക്കി.  

മസ്‌കിന്റെ ഗൾഫ്‌സ്ട്രീം ജി650 ഇആർ വിമാനത്തിന്‍റെ ഉള്‍വശം

'ഈ കഥയിൽ ഒരുപാട് കാര്യങ്ങളുണ്ട്' എന്നാണ് പ്രതികരണം ചോദിച്ച ബിസിനസ് ഇൻസൈഡറിനോട് മസ്‌ക് പ്രതികരിച്ചത്. 'ഞാൻ ലൈംഗിക പീഡനത്തോട് ചായ്‌വു കാണിച്ചെങ്കിൽ എന്റെ മുപ്പതു വർഷത്തെ കരിയറിൽ ഇത് ആദ്യത്തേതായിരിക്കില്ല' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2018 നവംബറിലാണ് വിഷയം ഒത്തുതീർപ്പിലെത്തിയത്. സംഭവത്തിൽ പരാതിയുമായി കോടതിയെ സമീപിക്കാനൊരുങ്ങുന്ന വേളയിലാണ് മസ്‌ക് ഇടപെട്ടത്. മധ്യസ്ഥനൊപ്പം മസ്‌ക് നേരിട്ട് ഹാജരായാണ് ചർച്ചകൾ നടത്തിയത്. വിഷയം കോടതിയിലേക്ക് വലിച്ചിഴക്കരുത്, പുറത്തുപറയരുത് തുടങ്ങിയ കരാറുകളോടെയാണ് എയർ ഹോസ്റ്റസിന് 250,000 ഡോളർ നൽകിയത്. എയർ ഹോസ്റ്റസുമായി കാര്യങ്ങൾ ചർച്ച നടത്താതെയാണ് വിഷയം താൻ പുറത്തു പറയുന്നതെന്ന് സഹൃത്ത് ബിസിനസ് ഇൻസൈഡറിനോട് പറഞ്ഞു. ഇത് പറയേണ്ടത് തന്റെ ബാധ്യതയാണ് എന്നാണ് അവർ പ്രതികരിച്ചത്.

'ലോകത്തെ അതിസമ്പന്നനാണ് അദ്ദേഹം. അത്തരത്തിൽ അധികാരമുള്ള ഒരാൾ ഇഷ്ടമില്ലാത്തത് ചെയ്ത് കുറച്ചു പണം നൽകുന്നത് അംഗീകരിക്കാനാകില്ല. ലോകത്തുടനീളം പ്രാപ്പിടിയന്മാരുണ്ട്. അധികാരവും സമ്പത്തുമുള്ളവർ, ഒരു യന്ത്രം പോലെ സംവിധാനങ്ങൾ പ്രവർപ്പിക്കാൻ ശേഷിയുള്ളവർക്ക് എന്തും ചെയ്യാൻ കഴിയുന്ന സ്ഥിതിയാണ്' - അവർ കൂട്ടിച്ചേർത്തു. മിണ്ടാതിരിക്കുമ്പോൾ താൻ ആ സംവിധാനത്തിന്റെ ഭാഗമാകുകയാണെന്നും അവർ പറയുന്നു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News