‘ടാറ്റ’ ഗസയിലെ വംശഹത്യക്ക് പിന്തുണ നൽകുന്നു; ന്യൂയോർക്ക് സിറ്റി മാരത്തണിൽ നിന്ന് ടാറ്റയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിൽ ക്യാമ്പയിൻ

ന്യൂയോർക്ക് റോഡ് റണ്ണേഴ്‌സ് സംഘടിപ്പിക്കുന്ന ന്യൂയോർക്ക് സിറ്റി മാരത്തൺ ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ മാരത്തണുകളിൽ ഒന്നാണ്

Update: 2024-10-21 11:30 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

വാഷിങ്ടൺ:ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ സ്പോൺസർ സ്ഥാനത്ത് നിന്ന് ഇന്ത്യൻ കമ്പനിയായ ടാറ്റ ​ഗ്രൂപ്പിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ന്യൂയോർക്കിൽ വൻ പ്രതിഷേധം. ​ഗസയിലെ വംശഹത്യയിൽ ഇസ്രായേലിന് പിന്തുണ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു കൂട്ടം പ്രവർത്തകർ കമ്പനിക്കെതിരെ പ്രതിഷേധം ഉയർത്തിയത്.

'ടാറ്റ ബൈ ബൈ' എന്ന പേരിലാണ് ടാറ്റ ​ഗ്രൂപ്പിനെതിരായ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. ഇസ്രയേലിന്റെ വംശഹത്യ, വർണവിവേചനം തുടങ്ങിയവയ്ക്ക് പിന്തുണ നൽകുന്ന ബിസിനസ് ശൃംഖലയാണ് ടാറ്റയുടെതെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.

ന്യൂയോർക്ക് റോഡ് റണ്ണേഴ്‌സ് സംഘടിപ്പിക്കുന്ന ന്യൂയോർക്ക് സിറ്റി മാരത്തൺ ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ മാരത്തണുകളിൽ ഒന്നാണ്. കഴിഞ്ഞ വർഷം 51,000-ത്തിലധികം ആളുകളാണ് പങ്കാളികളായത്.

ന്യൂയോര്‍ക്ക് സിറ്റി മാരത്തണിന്റെ മുഖ്യ സ്‌പോണ്‍സറായ ടാറ്റാ ഗ്രൂപ്പ് ഗസയിലെ ഇസ്രയേലിന്റെ അധിനിവേശത്തില്‍ മുഖ്യ പങ്കാളികളാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഇസ്രയേല്‍ സൈന്യത്തിന് ആയുധങ്ങള്‍ നിര്‍മിച്ച് നല്‍കുന്നുണ്ടെന്നും ഐടി സേവനങ്ങള്‍ ഉള്‍പ്പെടെ വിവിധ ബിസിനസ് ബന്ധങ്ങള്‍ നിലനിര്‍ത്തുന്നുണ്ടെന്നും മാരത്തണില്‍ പങ്കെടുക്കുന്ന സംഘടനകള്‍ ആരോപിച്ചു.

വടക്കേ അമേരിക്കയിൽ ഖനനം, എഞ്ചിനീയറിങ്, സ്റ്റീൽ, കോഫി തുടങ്ങിയ മേഖലകളിൽ നിന്നായി ഏകദേശം 50,000 ആളുകൾ ടാറ്റാ ​​ഗ്രൂപ്പിന് കീഴിൽ ജോലി ചെയ്യുന്നുണ്ട്. ഈ സ്വാധീനത്തെ മുൻനിർത്തി ടാറ്റ പ്രതിരോധ പദ്ധതികളിൽ ഏർപ്പെടുകയാണെന്നും ഇസ്രയേലുമായി ബന്ധപ്പെട്ട കരാറുകളിൽ ഇടപെടൽ നടത്തുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.

രത്തൻ ടാറ്റയുടെ മരണത്തിന് ശേഷം ടാറ്റ ​ഗ്രൂപ്പിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഫലസ്തീനിൽ വംശഹത്യ നടത്താൻ ഇസ്രയേലിനെ സഹായിക്കുന്ന കമ്പനികളിൽ ഒന്നാണ് ടാറ്റ ​ഗ്രൂപ്പ് എന്നായിരുന്നു ഉയർന്നുവന്ന പ്രധാന വിമർശനം.

2023 ഒക്ടോബർ 7 മുതൽ ഇസ്രായേൽ ആക്രമണങ്ങളിലായി 42,000-ത്തിലധികം ​​ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News