സർ‍വകലാശാലാ വിദ്യാഭ്യാസ വിലക്കിന് പിന്നാലെ അഫ്​ഗാനിൽ‍ വിദ്യാർഥികളെ തടഞ്ഞ് സായുധ സേന

'ഞങ്ങളുടെ ദുർ‍വിധി. ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു'- വിദ്യാർഥിനികളിലൊരാൾ‍ പറഞ്ഞു.

Update: 2022-12-21 09:48 GMT
Advertising

കാബൂൾ: പെൺകുട്ടികൾക്ക് താലിബാൻ സർക്കാർ‍ സർവകലാശാല വിദ്യാഭ്യാസം വിലക്കിയതിനു പിന്നാലെ വിദ്യാർഥിനികളെ തടഞ്ഞ് സായുധസേന. ബുധനാഴ്ച നൂറുകണക്കിന് വിദ്യാർഥിനികളെയാണ് അഫ്​ഗാനിലെ യൂണിവേഴ്സിറ്റികൾ‍ക്ക് മുന്നിൽ സായുധ സേന തട‍ഞ്ഞത്.

ചൊവ്വാഴ്ചയാണ് പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം വിലക്കി താലിബാൻ ഉത്തരവിറക്കിയത്. കാബൂളിലെ യൂണിവേഴ്സിറ്റികൾ‍ക്ക് പുറത്ത് ​ഗേറ്റുകൾ പൂട്ടി സായുധസേന തടഞ്ഞതിനെ തുടർന്ന് നിരവധി വിദ്യാർഥിനികൾ പുറത്തുനിൽ‍ക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

"ഞങ്ങളുടെ ദുർ‍വിധി. ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു"- വിദ്യാർഥിനികളിലൊരാൾ‍ പറഞ്ഞു. ഉത്തരവിൽ പുരുഷ വിദ്യാർഥികളും ഞെട്ടൽ രേഖപ്പെടുത്തി. "ഇത് ശരിക്കും അവരുടെ നിരക്ഷരതയും ഇസ്‌ലാമിനെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമുള്ള അറിവില്ലായ്മയും പ്രകടിപ്പിക്കുന്നു. സ്ഥിതിഗതികൾ ഇങ്ങനെ തുടർന്നാൽ ഭാവി മോശമാകും. എല്ലാവരും ഭയത്തിലാണ്"- മറ്റൊരു വിദ്യാർ‍ഥി പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി നേദ മുഹമ്മദ് നദീമാണ് സർവ‌‌കലാശാലകളിൽ സ്ത്രീകളെ വിലക്കിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. "ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ത്രീകളുടെ വിദ്യാഭ്യാസം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ഉത്തരവ് ഉടനടി നടപ്പാക്കാൻ ആവശ്യപ്പെടുന്നു"- ഉത്തരവിൽ പറയുന്നു. ഉത്തരവ് ഉടൻ‍ നടപ്പാക്കണം എന്നാവശ്യപ്പെട്ട് സർക്കാർ- സ്വകാര്യ സർവകലാശാലകൾക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി നേദ മുഹമ്മദ് നദീം കത്തയയ്ക്കുകയും ചെയ്തു.

രാജ്യത്തുടനീളം ആയിരക്കണക്കിന് പെൺകുട്ടികൾക്കും സ്ത്രീകൾക്കും സർവകലാശാലാ പ്രവേശന പരീക്ഷ എഴുതാൻ അനുമതി ലഭിച്ച് മൂന്ന് മാസത്തിനുള്ളിലാണ് ഉന്നത വിദ്യാഭ്യാസത്തിന് നിരോധനം പ്രഖ്യാപിച്ചത്. ഇത്രയും വിദ്യാർ‍ഥിനികളുടെ ഭാവി ഇരുട്ടിലാക്കുന്നതാണ് പുതിയ തീരുമാനം. സെക്കൻ‍ഡറി വിദ്യാഭ്യാസ മേഖലയിൽ നേരത്തെ തന്നെ താലിബാൻ സ്ത്രീകൾക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു.

അഫ്ഗാനിസ്താനിൽ‍ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ സർവകലാശാലകളിൽ പെൺകുട്ടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ കർട്ടനിട്ട് വേർതിരിച്ച് പ്രത്യേക ക്ലാസ് മുറികൾ ഏർപ്പെടുത്തുകയും പെൺകുട്ടികളെ വനിതാ അധ്യാപകരോ മുതിർന്ന പുരുഷ അധ്യാപകരോ മാത്രമേ പഠിപ്പിക്കാവൂ എന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News