അഫ്ഗാനിസ്ഥാനിൽ സ്‌ഫോടനം: താലിബാൻ ഗവർണർ ഓഫീസിൽ കൊല്ലപ്പെട്ടു
ഗവർണർ ഓഫീസിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം ഉണ്ടായതെന്ന് പരിക്കേറ്റയാള്‍
അഫ്ഗാനിസ്ഥാനിലെ വടക്കൻ ബാൽഖ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തിൽ താലിബാൻ ഗവർണർ മുഹമ്മദ് ദാവൂദ് മുസമ്മിൽ കൊല്ലപ്പെട്ടു. ഗവർണറുടെ ഓഫീസിന്റെ രണ്ടാം നിലയ്ക്കുള്ളിൽ രാവിലെ ഒമ്പത് മണിയോടെയാണ് സ്ഫോടനമുണ്ടായത്. 2021ൽ താലിബാൻ അധികാരത്തിലെത്തിയ ശേഷം കൊല്ലപ്പെട്ട ഏറ്റവും മുതിർന്ന താലിബാൻ നേതാവാണ് മുഹമ്മദ് ദാവൂദ് മുസമ്മിൽ. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ലെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ഇസ്ലാമിന്റെ ശത്രുക്കൾ നടത്തിയ സ്ഫോടനത്തിൽ ഗവർണർ രക്തസാക്ഷിത്വം വരിച്ചതായി താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ പ്രവിശ്യയായ നംഗർഹാറിന്റെ ഗവർണറായി മുസമ്മിൽ മുമ്പ് നിയമിതനായപ്പോൾ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് അദ്ദേഹത്തെ ബാൽഖിലേക്ക് മാറ്റിയത്. ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സ്ഫോടനത്തിൽ സുഹൃത്തിന്റെ കൈ നഷ്ടപ്പെടുന്നത് താൻ കണ്ടതായി ആക്രമണത്തിൽ പരിക്കേറ്റ ഖൈറുദ്ദീൻ എഎഫ്പി വാർത്താ ഏജൻസിയോട് പറഞ്ഞു. ഗവർണർ ഓഫീസിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാവേറാക്രമണമാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ബാൽക്ക് തലസ്ഥാനമായ മസാർ-ഇ ഷെരീഫിൽ എട്ട് വിമതരെയും തട്ടിക്കൊണ്ടുപോകുന്നവരെയും കൊന്നതായി പ്രവിശ്യാ താലിബാൻ അധികൃതർ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇവർ ഏത് വിമത ഗ്രൂപ്പുമായി ബന്ധമുള്ളവരാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. 2021ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം ബോംബ് സ്‌ഫോടനങ്ങൾ വർധിച്ചിട്ടുണ്ട്. പള്ളികളെയും ന്യൂനപക്ഷ സമുദായങ്ങളെയും ലക്ഷ്യംവെച്ചായിരുന്നു ആക്രമണങ്ങൾ.