'ഇനിയാരാണ് എന്നെ ഉമ്മാ എന്ന് വിളിക്കുക?'; 10 വർഷം കാത്തിരുന്നുണ്ടായ ഇരട്ടക്കുഞ്ഞുങ്ങൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

10 വർഷത്തെ കാത്തിരിപ്പിന് ശേഷം റാനിയ അബൂ അൻസക്ക് ജനിച്ച വിസ്സാം, നഈം എന്നീ ഇരട്ടക്കുഞ്ഞുങ്ങളാണ് ശനിയാഴ്ച രാത്രി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Update: 2024-03-03 18:08 GMT
Advertising

റഫ: ഇനിയാരാണ് എന്നെ ഉമ്മാ എന്ന് വിളിക്കുക?. റാനിയ അബൂ അൻസ എന്ന ഫലസ്തീനി യുവതിയുടെ ചോദ്യമാണിത്. 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ, നിരവധി ചികിത്സകൾക്ക് ശേഷമാണ് റാനിയക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. ഇസ്രായേൽ ആക്രമണത്തിൽ ഇവരുടെ രണ്ട് കുഞ്ഞുങ്ങളും ഇന്ന് ഈ ലോകത്തോട് വിടപറഞ്ഞു.

''ഇനി മുതൽ ആരാണ് എന്നെ ഉമ്മയെന്ന് വിളിക്കുക? ആരാണ് ഉമ്മയെന്ന് വിളിക്കുക?'' രക്തം ചിതറിയ കുഞ്ഞുങ്ങളുടെ മുഖത്ത് നോക്കി റാനിയ ചോദിക്കുന്നു. തെക്കൻ ഗസ്സയിലെ റഫയിൽ കഴിഞ്ഞ ദിവസം രാത്രി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ആറു മാസം പോലും തികയാത്ത വിസ്സാമും നഈമും അടക്കം 12 പേർ കൊല്ലപ്പെട്ടത്. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 30,410 പേരാണ് കൊല്ലപ്പെട്ടത്. അതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.



ഹമാസ് പോരാളികളെ ഇല്ലാതാക്കാനാണ് തങ്ങൾ ആക്രമണം നടത്തുന്നത് എന്നാണ് ഇസ്രായേൽ പറയുന്നത്. എന്നാൽ എന്റെ അമ്മാവന്റെ വീട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. രാത്രി 11 മണിക്ക് ഉറങ്ങിക്കിടക്കുന്നവർക്ക് നേർക്കാണ് അവർ വ്യോമാക്രമണം നടത്തിയത് അവരെല്ലാം സിവിലിയൻമാരായിരുന്നു. ഒരു പട്ടാളക്കാരൻ പോലുമുണ്ടായിരുന്നില്ലെന്നും റാനിയ പറഞ്ഞു.

''ശനിയാഴ്ച രാത്രി 10 മണിയോടെ എഴുന്നേറ്റ ഞാൻ മകൻ നഈമിനെ മുലയൂട്ടി. തുടർന്ന് രണ്ടുപേർക്കുമൊപ്പം ഉറങ്ങാൻ. അവരുടെ പിതാവും എന്റെ സമീപത്തുണ്ടായിരുന്നു. ഒരു മണിക്കൂറിന് ശേഷം വലിയ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. ഞങ്ങളുടെ വീട് തകർന്നു. ഞാൻ എന്റെ ഭർത്താവിനെയും മക്കളെയും കാണാതെ നിലവിളിച്ചു. അവരെല്ലാം മരിച്ചിരുന്നു. അവരുടെ പിതാവ് എന്നെ തനിച്ചാക്കി അവരെയും കൊണ്ടുപോയി''-തന്റെ കുഞ്ഞുങ്ങളുടെ ബ്ലാങ്കറ്റ് നെഞ്ചോട് ചേർത്ത് റാനിയ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News