16,000 അടി ഉയരത്തിൽ വിമാനത്തിന്റെ ജനല്‍ പറപറന്നു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ

അപകടത്തിൽപ്പെട്ട വിമാനം പറക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

Update: 2024-01-06 12:27 GMT
Editor : abs | By : Web Desk
Advertising

ന്യൂയോർക്ക്: പറക്കലിനിടെ ജനല്‍ അടർന്നുവീണതിനെ തുടർന്ന് യുഎസിൽ വിമാനം അടിയന്തരമായി തിരിച്ചറക്കി. പടിഞ്ഞാറൻ യുഎസ് സ്‌റ്റേറ്റായ ഒറിഗണിൽ വെള്ളിയാഴ്ചയാണ് അസാധാരണ സംഭവം. പോർട്‌ലാൻഡിൽ നിന്ന് കാലിഫോർണിയയിലെ ഒന്റാറിയോയിലേക്ക് പറന്ന, അലാസ്‌ക എയർലൈൻസിന്റെ ബോയിങ് 737 മാക്‌സ് 9 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 177 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് അലാസ്‌ക അറിയിച്ചു. 

ടേക് ഓഫ് ചെയ്ത് 20 മിനിറ്റിന് ശേഷം കാബിൻ ക്രൂ മർദത്തിലെ പ്രശ്‌നം റിപ്പോർട്ട് ചെയ്യുകയായിരുന്നു എന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. അപ്പോൾ 16000 അടി (4800 മീറ്റർ) ഉയരത്തിലായിരുന്നു വിമാനം. വിമാനത്തിന്റെ ചട്ടക്കൂടിന്റെ ഇടതുഭാഗത്തുള്ള ജനലും പാനലുമാണ് അടർന്നു വീണത്. നേരത്തെ എമർജൻസി എക്‌സിറ്റായി ഉപയോഗിച്ചിരുന്ന ഭാഗമാണിതെന്ന് കരുതപ്പെടുന്നു. 

തുറന്ന ഭാഗത്തിന്റെ അടുത്ത് യാത്രക്കാർ ഇരിക്കുന്നതിന്റെയും രാത്രി പോർട്‌ലാൻഡിൽ ലാൻഡ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത വേളയിൽ വിമാനത്തിലെ കാബിൻ ക്രൂവിനെ കൈയടിച്ച് അഭിനന്ദിക്കുന്നതും വീഡിയോയിലുണ്ട്. 



ഒരു ഭാഗം അടർന്നു വീണതു മൂലം ഒരു റഫ്രിജറേറ്ററിന്റെ വീതിയാണ് വിമാനത്തിൽ ഉണ്ടായതെന്ന് ഒന്റാറിയോയിലേക്കുള്ള യാത്രക്കാരനായ ഡീഗോ മുറിലോ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് ദ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) അറിയിച്ചു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News