'എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം.. സൈന്യം തയ്യാര്‍, 20 ദിവസത്തിനകം മൂന്ന് ആശുപത്രി നിർമ്മിക്കും': ഗസ്സയെ പിന്തുണച്ച് അൾജീരിയൻ പ്രസിഡന്‍റ്

സയണിസ്റ്റുകൾ നശിപ്പിച്ച ഗസ്സയെ പുനർനിർമ്മിക്കാൻ സഹായം ചെയ്യുമെന്നും അദ്ദേഹം

Update: 2024-08-21 13:24 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തെൽ അവീവ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതയിൽ രൂക്ഷ വിമർശനമുന്നയിച്ച് അൾജീരിയൻ പ്രസിഡന്റ് അബ്ദുൾമദ്ജിദ് ടെബൗൺ. ഈജിപ്തും ഫലസ്തീനുമായുള്ള അതിർത്തി തുറന്നാലുടൻ ഗസ്സയിൽ പ്രവേശിക്കാൻ സൈന്യം സജ്ജമാണെന്നും 20 ദിവസത്തിനകം ഗസ്സയില്‍ മൂന്ന് ആശുപത്രികൾ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അള്‍ജീരിയയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞായറാഴ്ച നടന്ന റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സയണിസ്റ്റുകൾ നശിപ്പിച്ച ഗസ്സയെ പുനർനിർമ്മിക്കാൻ സഹായം ചെയ്യുമെന്നും ഫലസ്തീനിലേക്ക് നൂറുകണക്കിന് ആരോഗ്യപ്രവർത്തകരെ അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീൻ വിഷയം ഫലസ്തീനികളുടേത് മാത്രമല്ല. നമ്മുടേതുകൂടിയാണ്. അതിർത്തി തുറന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അൾജീരിയൻ പ്രസിഡന്‍റിന്‍റെ പ്രസ്താവനയെ ഇസ്രായേലും രൂക്ഷഭാഷയില്‍ വിമർശിച്ചു. സെപ്തംബർ ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ അൾജീരിയയിൽ രണ്ടാം ഊഴത്തിനായി മത്സരിക്കുകയാണ് ടെബൗൺ.

അതേസമയം ഗസ്സയിൽ വെടിനിർത്തലിന് തയ്യാറല്ലെന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഗസ്സയിൽ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ വെടിനിർത്തൽ കരാറുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്ന് നെതന്യാഹു അറിയിച്ചിരുന്നു. വെടിനിർത്തലിനായി മധ്യസ്ഥ ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേലിലെത്തി നെതന്യാഹുവിനെ കണ്ടെങ്കിലും യുദ്ധം അവസാനിപ്പിക്കുന്ന തരത്തിലുള്ള ഒരു വെടിനിർത്തലിനും സമ്മർദം ചെലുത്തിയില്ല. ഹമാസിന്റെ ആവശ്യങ്ങളെല്ലാം നിരാകരിച്ച് ബന്ദികളെ വിട്ടുകൊടുക്കാൻ മാത്രമുള്ള താത്കാലിക വെടിനിർത്തലിനായി അമേരിക്ക മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തിനും ഖത്തറിനുംമേൽ സമ്മർദം തുടരുകയാണ്. 

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News