20,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണ്‍

വിതരണ തൊഴിലാളികൾ, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ, ടെക്നോളജി സ്റ്റാഫ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു

Update: 2022-12-07 04:58 GMT
Editor : Jaisy Thomas | By : Web Desk
Advertising

സാന്‍ഫ്രാന്‍സിസ്കോ: വരും മാസങ്ങളിൽ കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ ഉൾപ്പെടെ ഏകദേശം 20,000 ജീവനക്കാരെ ആമസോൺ പിരിച്ചുവിടുമെന്ന് കമ്പ്യൂട്ടർ വേൾഡ് റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിലായിരിക്കും ഈ പിരിച്ചുവിടലെന്നാണ് സൂചന. വിതരണ തൊഴിലാളികൾ, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ, ടെക്നോളജി സ്റ്റാഫ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു.

പിരിച്ചുവിടൽ കമ്പനിയിലെ എല്ലാ തലങ്ങളിലുമുള്ള ജീവനക്കാരെയും ബാധിക്കുമെന്ന് റിപ്പോർട്ടില്‍ പറയുന്നു. 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലായിരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാൽ, ഇപ്പോൾ പണി പോകുന്ന ജീവനക്കാരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് റിപ്പോർട്ട്. ജീവനക്കാരുടെ പ്രകടനം വിലയിരുത്തണമെന്ന് ആമസോൺ മാനേജർമാരോട് നിര്‍ദേശിച്ചിരുന്നു. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് 24 മണിക്കൂറുകള്‍ക്ക് മുന്‍പ് അറിയിപ്പ് ലഭിക്കും. കരാര്‍ അനുസരിച്ചുള്ള തുകയും ലഭിക്കും. പിരിച്ചുവിടലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പരന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ പരിഭ്രമത്തിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിരിച്ചുവിടലിനായി ആമസോൺ ഒരു പ്രത്യേക വകുപ്പിനെയോ സ്ഥലത്തെയോ ആണ് ലക്ഷ്യമിടുന്നതെന്നും ഈ നീക്കം ബിസിനസ്സിലുടനീളമുള്ള ജീവനക്കാരെ ബാധിച്ചേക്കാമെന്നും കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടല്‍. ഉത്സവസീസണുകളില്‍ കൂടുതല്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കേണ്ടിയിരുന്ന കാലയളവില്‍ ഇത്തവണ കമ്പനിയുടെ നേട്ടം മന്ദഗതിയിലായിരുന്നു. ഈ വര്‍ഷം ആമസോണിന്‍റെ ഷെയര്‍ മൂല്യം 40 ശതമാനത്തോളം ഇടിഞ്ഞിരുന്നു. വിലക്കയറ്റത്തിനിടയിൽ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ചെലവഴിക്കാൻ പണം കുറവായതാണ് ഈ മാന്ദ്യത്തിന് കാരണമെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News