ട്രംപിനെ വധിക്കാൻ ഇറാന്റെ ഗൂഢാലോചനയെന്ന് അമേരിക്ക
ആരോപണം അടിസ്ഥാനരഹിതമെന്നും കുറ്റവാളിയായ ട്രംപിനെ നിയമപരമായി ശിക്ഷിക്കണമെന്നും ഇറാൻ
ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയെന്ന രഹസ്യ വിവരം യു.എസ് അധികൃതർക്ക് ലഭിച്ചതായി സി.എൻ.എൻ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ സുരക്ഷ വർധിപ്പിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, പെൻസിൽവാനിയയിൽ 20കാരൻ ട്രംപിനെ ആക്രമിച്ചതിന് ഈ ഗൂഢാലോചനയുമായി ബന്ധമൊന്നുമില്ലെന്നാണ് വിവരം.
എന്നാൽ, ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇറാൻ വ്യക്തമാക്കി. ‘ജനറൽ സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട ട്രംപിനെ കോടതിയിൽ വിചാരണ ചെയ്ത് ശിക്ഷിക്കുകയാണ് വേണ്ടതെന്ന നിലപാടാണ് ഇറാന്. കുറ്റവാളിയായ ട്രംപിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ ഇറാൻ സ്വീകരിച്ചിട്ടുണ്ട്’ -ഐക്യരാഷ്ട്ര സഭയിലെ ഇറാൻ വക്താവ് സി.എൻ.എന്നിനോട് പറഞ്ഞു.
പെൻസിൽവാനിയ റാലിക്ക് മുമ്പ് തന്നെ ട്രംപിനെതിരായ ഭീഷണി സീക്രറ്റ് സർവീസിനും ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിനും അറിവുണ്ടായിരുന്നുവെന്ന് യു.എസ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചത്. വെടിയേറ്റതിന് പിന്നാലെ കൂടുതൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച റിപ്പബ്ലിക്കൻ പാർട്ടിയുടെ റാലിക്ക് സമീപം കത്തിയുമായി കണ്ടെത്തിയ ആളെ വെടിവെച്ച് കൊന്നതായി പൊലീസ് അറിയിച്ചു. 43കാരനായ സാമുവൽ ഷാർപ്പാണ് കൊല്ലപ്പെട്ടത്. ഇയാളിൽനിന്ന് രണ്ട് കത്തികൾ കണ്ടെടുത്തു.