​സംവാദത്തിൽ ട്രംപിന് മുന്നിൽ അടിപതറി ബൈഡൻ; പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് പിൻമാറണമെന്ന് അമേരിക്കൻ മാധ്യമങ്ങൾ

ബൈഡന് പിന്തുണയുമായി ബരാക് ഒബാമ

Update: 2024-06-30 05:19 GMT
Advertising

വാഷിങ്ടൺ: ജോ ബൈഡൻ അമേരിക്കൻ​ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് പിൻമാറണമെന്ന് അമേരിക്കൻ മാധ്യമങ്ങൾ. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള പ്രസിഡൻഷ്യൽ ഡിബേറ്റിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് മത്സരത്തിൽനിന്ന് പിൻമാറാൻ ബൈഡന് മേൽ സമ്മർദം ശക്തമായത്.

ബൈഡന് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പൊതുസേവനം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുകയാണെന്ന് ന്യൂയോർട്ട് ടൈംസ് എഡിറ്റോറിയൽ ബോർഡ് വ്യക്തമാക്കി. ‘മഹാനയ ഒരു പൊതുപ്രവർത്തകന്റെ നിഴൽ മാത്രമാണ് പ്രസിഡന്റിൽ കാണാനിടയായത്. വീണ്ടും അധികാരത്തിലെത്തിയാൽ എന്തുചെയ്യുമെന്ന് പറയാൻ അദ്ദേഹം പാടുപെടുകയായിരുന്നു. ട്രംപിന്റെ പ്രകോപനങ്ങളോട് മറുപടി പറയാൻ അദ്ദേഹം ബുദ്ധിമുട്ടി.

നിലവിലെ സാഹചര്യത്തിൽ പ്രസിഡന്റ് അശ്രദ്ധമായ ചൂതാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ബൈഡനേക്കാൾ മികച്ചതും ഊജ്ജസ്വലരുമായ ഡെമോക്രാറ്റിക് നേതാക്കളുണ്ട്. ട്രംപിന്റെയും ബൈഡന്റെയും പോരായ്മകളെ തെരഞ്ഞെടുക്കാൻ വോട്ടർമാരെ നിർബന്ധിക്കുന്നതിലൂടെ രാജ്യത്തിന്റെ സ്ഥിരതയും സുരക്ഷയും പാർട്ടി അപകടത്തിലാക്കുകയാണ്’ -ന്യൂയോർക്ക് ടൈംസ് എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു.

മത്സരത്തിൽനിന്ന് ബൈഡനോട് പിൻമാറാൻ ആവശ്യപ്പെടുന്ന ആദ്യത്തെ അമേരിക്കൻ പത്രമാണ് ന്യൂയോർക്ക് ടൈംസ്. കൂടാതെ വാൾസ്ട്രീറ്റ് ജേണൽ, ഫിനാൻഷ്യൽ ടൈംസ്, ദെ അറ്റ്ലാന്റിക് തുടങ്ങിയ മാധ്യമങ്ങളിലെ കോളമിസ്റ്റുകളും ബൈഡനോട് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് മാറിനിൽക്കാൻ ആവ​ശ്യപ്പെടുന്നുണ്ട്.

എന്നാൽ, മത്സരത്തിൽ തുടരാൻ തന്നെയാണ് ബൈഡന്റെ തീരുമാനം. ‘ഞാൻ പഴയതുപോടെ എളുപ്പത്തിൽ നടക്കുകയോ സുഗമമായി സംസാരിക്കുകയോ ചെയ്യില്ല. ഞാൻ പഴയതുപോലെ സംവാദം നടത്തുന്നുണ്ടാകില്ല. പക്ഷെ, സത്യം എങ്ങനെ പറയണമെന്ന് എനിക്കറിയാം’ -ബൈഡൻ വ്യക്തമാക്കി. ​

‘മറ്റേയാളിൽനിന്ന് വ്യത്യസ്തമായി പുടിനെ പോലെയുള്ള സ്വേച്ഛാധിപതികൾക്കെതിരെ താൻ നിലകൊള്ളുന്നത് തുടരും. കാരണം അമേരിക്ക ഒരാൾക്ക് മുന്നിലും തലകുനിക്കില്ല. പ്രസിഡന്റായി ആരെ തെരഞ്ഞെടുക്കണമെന്നത് എളുപ്പമാണ്. ഡൊണാൾഡ് ട്രംപ് നമ്മുടെ ജനാധിപത്യത്തെ നശിപ്പിക്കും. ഞാൻ അതിനെ പ്രതിരോധിക്കും’ -ബൈഡൻ നിലപാട് വ്യക്തമാക്കി.

മുൻ പ്രസിഡന്റ് ബരാക് ഒബാമയും ബൈഡനെ പ്രതിരോധിച്ച് രംഗത്തുവന്നു. ‘മോശം സംവാദ രാത്രികളും സംഭവിക്കും. എന്നാൽ, ജീവിതകാലം മുഴുവൻ സാധാരണക്കാർക്ക് വേണ്ടി പോരാടിയ ഒരാളും സ്വന്തം കാര്യം മത്രം ശ്രദ്ധിക്കുന്ന ഒരാളും തമ്മിലെ തെരഞ്ഞെടുപ്പാണിത്’ -ഒബാമ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News