അമേരിക്കയിൽ ഹിപ്‌ഹോപ് സംഗീതം തരംഗമാക്കിയ ലിൽ ജോൺ ഇസ്‌ലാം സ്വീകരിച്ചു
മികച്ച മെലഡി റാപ് സംഗീതത്തിന് ഗ്രാമി പുരസ്‌കാരം നേടിയിട്ടുണ്ട് ലിൽ
വാഷിങ്ടൺ: യു.എസ് റാപ്പറും സംഗീതജ്ഞനുമായ ജൊനാഥൻ എച്ച് സ്മിത്ത് എന്ന ലിൽ ജോൺ ഇസ്‌ലാം സ്വീകരിച്ചു. കാലിഫോർണിയയിലെ ലോസാഞ്ചലസിലുള്ള കിങ് ഫഹദ് മസ്ജിദിൽ കഴിഞ്ഞ ദിവസം ജുമുഅ നമസ്‌കാരത്തിനുശേഷമായിരുന്നു മതംമാറ്റം. പള്ളിയിലെ ഇമാമാണ് അദ്ദേഹത്തിന് സത്യസാക്ഷ്യ വാചകം(ശഹാദ കലിമ) ചൊല്ലിക്കൊടുത്തത്. മികച്ച മെലഡി റാപ് സംഗീതത്തിന് ഗ്രാമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ സംഗീതജ്ഞനാണ് ലിൽ.
1972ൽ ജോർജിയയിലെ അറ്റ്‌ലാന്റയിൽ ജനിച്ച ലിൽ ജോൺ 2000ത്തിന്റെ തുടക്കത്തിൽ അമേരിക്കയിൽ തരംഗം സൃഷ്ടിച്ച ഹിപ്‌ഹോപ് സംഗീതത്തിലൂടെയാണു ശ്രദ്ധ നേടുന്നത്. ഹിപ്‌ഹോപ് സംഗീതത്തിന്റെ തുടക്കക്കാരിൽ ഒരാൾ കൂടിയായാണ് അദ്ദേഹം ഗണിക്കപ്പെടുന്നത്. ലിൽ ജോൺ-ഈസ്റ്റ് സൈഡ് ബോയ്‌സിനൊപ്പം അഞ്ച് ആൽബങ്ങൾ നിർമിച്ചിട്ടുണ്ട്. യു.എസ് റാപ്പർമാരായ പിറ്റ്ബുൾ, ടൂ ഷോർട്ട് എന്ന ടോഡ് ആന്തണി ഷോ, ഇ-40 എന്ന ഏൾ ടൈവോൻ സ്റ്റീവൻസ് ജൂനിയർ എന്നിവരുടെ റെക്കോർഡ് പ്രഡ്യൂസറായും പ്രവർത്തിച്ചു.
ബിൽബോർഡ് മാഗസിന്റെ 'ഹോട്ട് 100' പട്ടികയിൽ ഉൾപ്പെട്ട നിരവധി സിംഗിളുകളുടെ ഭാഗമായിട്ടുണ്ട്. സാൾട്ട് ഷെയ്ക്കർ, സിലോൺ, ഗെറ്റ് ലോ, സ്‌നാപ് യോ ഫിംഗേഴ്‌സ്, ഡാമ്ൻ, ഫ്രീക്ക് എ ലീക്ക്, ലവേഴ്‌സ് ആൻഡ് ഫ്രണ്ട്‌സ്, ഗുഡീസ്, യഹ് ഇവയിൽ ശ്രദ്ധിക്കപ്പെട്ടവയാണ്. സംഗീതത്തിനു പുറമെ ആൻഡ്രെ 3000 ആനിമേഷൻ സീരീസിൽ വരുന്ന ക്ലാസ് ഓഫ് 3000, ക്രാങ്ക് യാങ്കേഴ്‌സ്, റോബോടമി, ഹെൽസ് കിച്ചൺ, ടൈനി ഹൗസ് നേഷൻ, ഹോളിവുഡ് ഉൾപ്പെടെ നിരവധി ടെലിവിഷൻ ഷോകളുടെയും വിവിധ വേഷങ്ങളിലെത്തി.
വ്യോമയാന എഞ്ചിനീയറും മുൻ സൈനികനുമാണ് ലിൽ ജോണിന്റെ പിതാവ്. അമ്മ സൈന്യത്തിൽ ഡോക്ടറുമായിരുന്നു. മൂന്ന് സഹോദരങ്ങളും മാതാപിതാക്കളുടെ വഴിയേ യു.എസ് സൈന്യത്തിൽ ചേർന്നപ്പോൾ ലിൽ സംഗീതത്തിന്റെ പിന്നാലെ പോകുകയായിരുന്നു. ഹഫ്പോസ്റ്റ് ഡെപ്യൂട്ടി എഡിറ്റര്‍ ഫിലിപ് ലെവിസ് ആണ് ലില്‍ ജോണിന്‍റെ മതംമാറ്റ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
ഇത്തവണ റമദാൻ ആദ്യത്തിൽ യു.എസ് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ജെഫ്രി ഷോൺ കിങ്ങും ഇസ്‍ലാം സ്വീകരിച്ചിരുന്നു. ഭാര്യ റായ് കിങ്ങിനൊപ്പം യു.എസിലെ പ്രമുഖ മുസ്‍ലിം പണ്ഡിതനും പ്രഭാഷകനുമായ ഒമർ സുലൈമാന്റെ കാർമികത്വത്തിലായിരുന്നു മതംമാറ്റം.
Summary: Famed American rapper Lil Jon converts to Islam