അനിശ്ചിതത്വങ്ങൾക്ക് വിരാമം; ശഹബാസ് ശരീഫ് പാകിസ്താൻ പ്രധാനമന്ത്രി
201 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്
ഇസ്ലാമാബാദ്: പാകിസ്താന്റെ 24ാമത് പ്രധാനമന്ത്രിയായി ശഹബാസ് ശരീഫിനെ തെരഞ്ഞെടുത്തു. 201 വോട്ടുകളാണ് നാഷനൽ അസംബ്ലിയിൽ ഇദ്ദേഹത്തിന് ലഭിച്ചത്. പി.ടി.ഐയുടെ സ്ഥാനാർഥി ഒമർ അയ്യൂബ് ഖാനിന് 92 വോട്ടുകൾ ലഭിച്ചു. ഒരു മാസം നീണ്ട അനിശ്ചിത്വത്തിന് ഒടുവിലാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്.
മുൻ പ്രധാനമന്ത്രിയും പി.എം.എൽ -എൻ നേതാവുമായ നവാസ് ഷരീഫിന്റെ സഹോദരനാണ് ശഹബാസ് ശരീഫ്. ആകെയുള്ള 265 സീറ്റുകളിൽ 93 സീറ്റിലും മുൻ പ്രധാനമന്ത്രി ഇംറാന്റെ ഖാന്റെ നേതൃത്വത്തിലുള്ള പി.ടി.ഐയുമായി ബന്ധമുള്ള സ്വതന്ത്രരാണ് വിജയിച്ചത്.
നവാസ് ഷെരീഫിന്റെ പാർട്ടിക്ക് 80 സീറ്റാണ് ലഭിച്ചത്. മറ്റു പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുകയായിരുന്നു. നവാസ് ഷരീഫ് പ്രധാനമന്ത്രി സ്ഥാനത്തേക്കില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് ശഹബാസ് ശരീഫ് രണ്ടാം തവണയും പാകിസ്താൻ പ്രധാനമന്ത്രിയാകുന്നത്.
ഫെബ്രുവരി എട്ടിനാണ് പാകിസ്താനിൽ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ വൈകിയതും അട്ടിമറി ആരോപണങ്ങളും ഏറെ വിവാദങ്ങളാണ് പാകിസ്താനിൽ സൃഷ്ടിച്ചത്.