‘നിങ്ങളുടെ നേതാക്കൾ അവ​രുടെ നിലപാടിൽ പശ്ചാത്തപിക്കും’ ഇസ്രായേലിന് വെല്ലുവിളി ഉയർത്തി ഇറാനിയൻ സൈബർ ​ഗ്രൂപ്പിന്റെ ആക്രമണം

പതിനായിരത്തോളം ഇസ്രായേലി പൗരന്മാർക്കാണ് ഹൻദലയുടെ പേരിൽ സന്ദേശം അയച്ചത്

Update: 2024-04-14 12:15 GMT
Advertising

ഇസ്രായേലിനെതിരെ ഇറാന്റെ പ്രത്യാക്രമണം പിരിമുറുകുന്നതിനിടയിൽ ഇസ്രായേലിന് ​നേരെ ഹാക്കർമാരുടെ സൈബർ ആക്രമണം. ഹൻദല എന്ന പേരിലുള്ള ഇറാനിയൻ സൈബർ ​ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സൈബർ ആക്രമണമുണ്ടായതായി ​ജെറുസലേം പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ സൈബർ സെക്യൂരിറ്റി സംവിധാനങ്ങൾ തകർത്ത് പതിനായിരക്കണക്കിന് സ​ന്ദേശങ്ങൾ ഇസ്രായേലി പൗരന്മാർക്ക് ഇറാനിയൻ ഹാക്കർമാർ അയച്ചു.

ഇസ്രായേൽ സർക്കാരിനെ എതിർക്കാനും ഇറാനെ പിന്തുണക്കാനുമാണ് സന്ദേശങ്ങളിലുള്ളത്.സയണിസ്റ്റ് ഭീകരരായ നേതാക്കൾ ​ഖേദിക്കുമെന്ന മുന്നറിയിപ്പും സന്ദേശത്തിലുണ്ട്. ഹാക്കിങ്ങ് നടത്തിയ വിവരം ഹൻദല ടെലഗ്രാം ഗ്രൂപ്പ് വഴി പുറത്തുവിടുകയും ചെയ്തു. ഇസ്രായേലിന്റെ ദേശീയ സുരക്ഷ സംവിധാനത്തിന് വെല്ലുവിളി ഉയർത്തുന്നതാണ് സൈബർ ആക്രമണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

"നിങ്ങളുടെ നേതാക്കളുടെ കുറ്റകൃത്യങ്ങൾക്കും വിഡ്ഢിത്തങ്ങൾക്കും ജനങ്ങൾ വലിയ വില കൊടുക്കേണ്ടിവരും. നിങ്ങളുടെ നേതാക്കൾ അവ​രുടെ ​​തെറ്റായ നിലപാടിൽ പശ്ചാത്തപിക്കും. വേഗം നഗരങ്ങൾ ഒഴിപ്പിക്കുക, ഒരുപക്ഷേ നാശനഷ്ടങ്ങൾ കുറക്കാൻ അത് സഹായിക്കും.രക്ഷപ്പെടാനുള്ള അവസരം പത്ത് സെക്കൻഡിൽ താഴെയാണ്, ഏത് നിമിഷവും നിങ്ങളുടെ നഗരം തിരഞ്ഞെടുക്കപ്പെടാം. എന്നെല്ലാമാണ് സന്ദേശങ്ങളിലുള്ളത്.

നേരത്തെയും ഇസ്രായേൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണം നടത്തിയിരുന്നു. സൈബർ ആക്രമണത്തെ സ്ഥിരീകരിക്കാൻ ഇ​സ്രായേലി സർക്കാർ വൃത്തങ്ങൾ തയാറായിട്ടില്ല. നിർണായകമായ സ്ഥാനപനങ്ങൾ കേന്ദ്രീകരിച്ചുള്ള ഇറാനിയൻ സൈബർ ആക്രമണ സാധ്യതയെക്കുറിച്ച് ഇസ്രായേലിലെ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News