ലെബനാനിൽ വീണ്ടും സ്ഫോടനം; ഹിസ്ബുല്ലയുടെ വാക്കിടോക്കികൾ പൊട്ടിത്തെറിച്ചു
സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
ബെയ്റൂത്ത്: പേജറുകളുടെ സ്ഫോടനത്തിന് പിന്നാലെ ലെബനാനിൽ വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിലെ തെക്കൻ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലും വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്.
ബെയ്‌റുത്ത്, ബെക്കാ വാലി, ദക്ഷിണ ലെബനാൻ എന്നിങ്ങനെ മൂന്നിടത്ത് സ്ഫോടനമുണ്ടായതായാണ് ലെബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം എത്ര വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചുവെന്ന് വ്യക്തമായിട്ടില്ല. ഹിസ്ബുല്ല നേതാക്കളുടെ സംസ്കാരച്ചടങ്ങിനിടെയായിരുന്നു സ്ഫോടനമെന്ന് റിപ്പോർട്ടുകളുണ്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പേജർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട മൂന്ന് ഹിസ്ബുല്ല അംഗങ്ങളുടെയും ഒരു കുട്ടിയുടെയും ശവസംസ്‌കാര ചടങ്ങുകൾ നടക്കുന്ന സ്ഥലത്ത് ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന ഒരു ഹാൻഡ്-ഹെൽഡ് റേഡിയോ പൊട്ടിത്തെറിച്ചു. പ്രദേശത്തെ രണ്ട് കാറുകൾക്കുള്ളിലും ഉപകരണങ്ങൾ പൊട്ടിത്തെറിച്ചതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. അഞ്ചുമാസം മുൻപ് പേജറുകൾ വാങ്ങിയ സമയത്തുതന്നെയാണ് റേഡിയോകളും ഹിസ്ബുല്ല വാങ്ങിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, പേജർ സ്ഫോടനത്തിൽ ഇതുവരെ 12 പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പേജർ സ്ഫോടനത്തിന് പിന്നിൽ ഇസ്രായേലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പേജറുകളുടെ ഒരു ബാച്ചിനുള്ളിൽ ഇസ്രായേൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചതായി ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. മൊസാദും ഇസ്രായേൽ സൈന്യവും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷൻ്റെ ഫലമായിരുന്നു സ്ഫോടനമെന്ന് സിഎൻഎൻ റിപ്പോർട്ടു ചെയ്തു. ആക്രമണം പശ്ചിമേഷ്യയിലെ യുദ്ധഭീതി ഉയർത്തിയിരിക്കുകയാണ്. സ്ഫോടനങ്ങളുടെ തരംഗം ലെബനനിലെ നിരവധി പ്രദേശങ്ങളെ ബാധിച്ചു.