ഫലസ്തീനികളെ ഗസ്സയിൽനിന്ന് പുറന്തള്ളാനാവില്ല; പശ്ചിമേഷ്യയിൽ സംഘർഷം പടരാനുള്ള സാഹചര്യമെന്ന് ആന്റണി ബ്ലിങ്കൻ
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ബ്ലിങ്കൻ ചർച്ച നടത്തി.
ദോഹ: പശ്ചിമേഷ്യയിൽ സംഘർഷം പടരാനുള്ള സാഹചര്യമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഫലസ്തീനികളെ ഗസ്സയിൽനിന്ന് പുറന്തള്ളാനാവില്ലെന്നും ഖത്തർ പ്രധാനമന്ത്രിക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ ബ്ലിങ്കൻ പറഞ്ഞു
ഗസ്സയിലെ സംഘർഷം മേഖലയൊന്നാകെ പടരുന്നുവെന്ന ആശങ്കകൾക്കിടെയാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനം. തുർക്കിയും ജോർദാനും സന്ദർശിച്ച ശേഷമാണ് ബ്ലിങ്കൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തിയത്. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് അമീർ ആവശ്യപ്പെട്ടു. ഗസ്സയിൽനിന്ന് ഫലസ്തീനികളെ പുറന്തള്ളുമെന്ന ഇസ്രായേലിന്റെ ഭീഷണി ബ്ലിങ്കൻ തള്ളി.
അൽ ജസീറ മാധ്യമപ്രവർത്തകൻ വാഇൽ അൽ ദഹ്ദൂഹിന്റേത് സമാനതകളില്ലാത്ത നഷ്ടമാണ്. ചെങ്കടലിൽ കപ്പലുകളെ ലക്ഷ്യംവച്ചുള്ള ഹൂതി ആക്രമണങ്ങൾക്കെതിരെ ബ്ലിങ്കൻ മുന്നറിയിപ്പ് നൽകി. സമുദ്ര സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മാനവരാശി നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമാണ് ഗസ്സയിലേതെന്നും സംഘർഷം വ്യാപിച്ചാലുള്ള പ്രത്യാഘാതം നേരത്തെ തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി പറഞ്ഞു.