"പുടിനെ അറസ്റ്റ് ചെയ്യുക എന്നാൽ ഒരു യുദ്ധം പ്രഖ്യാപിക്കുക എന്നാണർത്ഥം"; മുന്നറിയിപ്പ് നൽകി മുൻ പ്രസിഡന്റ്
യുക്രൈനിൽനിന്ന് റഷ്യയിലേക്ക് അനധികൃതമായി കുട്ടികളെ കടത്തിയത് അടക്കമുള്ള യുദ്ധകുറ്റങ്ങളുടെ പേരിലാണ് പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്
മോസ്‌കോ: അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ വിദേശത്ത് വെച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നതായി റഷ്യയുടെ മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ്. പുടിനെ അറസ്റ്റ് ചെയ്യാനുള്ള ഇത്തരം ശ്രമങ്ങൾ ഒരു യുദ്ധപ്രഖ്യാപനമായി റഷ്യ കാണുമെന്ന് ദിമിത്രി മെദ്‌വദേവ് മുന്നറിയിപ്പ് നൽകി.
2008 നും 2012 നും ഇടയിൽ പ്രസിഡന്റായി സേവനമനുഷ്ഠിച്ച മെദ്‌വദേവ് ഇതാദ്യമായല്ല യുദ്ധഭീഷണി മുഴക്കുന്നത്. ആണവാക്രമണം നടത്തുമെന്ന മുന്നറിയിപ്പോടെ പുടിൻ യുക്രൈനിലേക്ക് സൈന്യത്തെ അയച്ചതിന് പിന്നാലെ കൂടുതൽ പരുഷമായ പ്രസംഗങ്ങളും ഭീഷണിയുമായി മെദ്‌വദേവ് രംഗത്തെത്തിയിരുന്നു. ഇപ്പോൾ പുടിനെ അറസ്റ്റ് ചെയ്‌താൽ റഷ്യയുടെ ആയുധങ്ങൾ ഒരു രാജ്യത്ത് പതിക്കുമെന്നാണ് മെദ്‌വദേവ് പറയുന്നത്. യുക്രൈന്റെ പേരെടുത്ത് പറയാതെയാണ് മുൻ റഷ്യൻ പ്രസിഡന്റിന്റെ പരാമർശം.
യുക്രൈനിൽനിന്ന് റഷ്യയിലേക്ക് അനധികൃതമായി കുട്ടികളെ കടത്തിയത് അടക്കമുള്ള യുദ്ധകുറ്റങ്ങളുടെ പേരിലാണ് ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി പുട്ടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. റഷ്യയുടെ യുക്രൈൻ അധിനിവേശം തുടങ്ങിയ 2022 ഫെബ്രുവരി 24 മുതൽ യുദ്ധകുറ്റങ്ങൾ നടക്കുന്നുണ്ടെന്നും ക്രിമിനൽ കോടതി ജഡ്ജിമാർ പറഞ്ഞു. അതേസമയം ആരോപങ്ങൾ റഷ്യ നിഷേധിച്ചിരിക്കുകയാണ്.
കുട്ടികളെ കടത്തിയത് പുടിന്റെ അറിവോടെയാണെന്ന് കോടതി പറഞ്ഞു. കുട്ടികളെ കടത്തുന്നത് തടയാൻ പുടിയൻ ഒന്നും ചെയ്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചിൽഡ്രൻസ് റൈറ്റ് കമ്മീഷണറായ മരിയ ല്‌വോവ ബെലോവയ്‌ക്കെതിരെയും കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
വാറണ്ട് പുറപ്പെടുവിച്ചെങ്കിലും പുടിനെയും ബെലോവയെയും അറസ്റ്റ് ചെയ്യാൻ കോടതിക്ക് കഴിയില്ല. കോടതി സ്ഥാപിച്ച കരാറിൽ ഒപ്പിട്ട രാജ്യങ്ങളിലുള്ളവർക്കെതിരെ മാത്രമേ കോടതിക്ക് നിയമനടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂ. റഷ്യ കരാറിൽ ഒപ്പുവെച്ചിട്ടില്ല.