അപരിചിതരായ രണ്ടു കുഞ്ഞുങ്ങളെ യുക്രൈന്‍ അതിര്‍ത്തി കടത്തി അമ്മയെ ഏല്‍പ്പിച്ച് 58കാരി; യുദ്ധഭൂമിയിലെ വറ്റാത്ത മനുഷ്യസ്നേഹം
രണ്ടു കുട്ടികളുമായി അതിര്‍ത്തി കടക്കുമ്പോള്‍ നതാലിയ അപരിചിതയായ ഒരു സ്ത്രീയുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ മുറുകെപ്പിടിച്ചിരുന്നു...
യുദ്ധഭൂമിയില്‍ നിന്നും വറ്റാത്ത മനുഷ്യസ്നേഹത്തിന്‍റെയും കരുണയുടെയും നിരവധി റിപ്പോര്‍ട്ടുകള്‍ വരുന്നു. കുഞ്ഞുങ്ങളെ എങ്ങനെയെങ്കിലും അതിര്‍ത്തി കടത്തി സുരക്ഷിതരാക്കാനുള്ള ശ്രമത്തിലാണ് യുക്രൈനിലെ സാധാരണക്കാര്‍. 18നും 60നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് യുക്രൈന്‍ വിട്ടുപോകാന്‍ അനുമതിയില്ലാത്തതിനാല്‍ ഒരു യുവാവ് തന്‍റെ കുഞ്ഞുങ്ങളെ യുക്രൈന്‍ അതിര്‍ത്തിയില്‍ വെച്ച് അപരിചിതയായ ഒരു സ്ത്രീയെ ഏല്‍പ്പിച്ചു. നതാലിയ അബ്ലീവ എന്ന 58കാരി താന്‍ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത രണ്ടു കുട്ടികളുമായാണ് യുക്രൈന്‍ അതിര്‍ത്തി കടന്ന് ഹംഗറിയിലെത്തിയത്.
രണ്ടു കുട്ടികളുമായി അതിര്‍ത്തി കടക്കുമ്പോള്‍ നതാലിയ അപരിചിതയായ ഒരു സ്ത്രീയുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ മുറുകെപ്പിടിച്ചിരുന്നു. "യുവാവിനെ അതിര്‍ത്തി കടക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. രണ്ട് കുട്ടികളെ അയാള്‍ എനിക്ക് കൈമാറി. എന്നെ വിശ്വസിച്ചു. അവരുടെ പാസ്‌പോർട്ടുകൾ എന്നെ ഏല്‍പ്പിച്ചു. കട്ടിയുള്ള ജാക്കറ്റുകളും തൊപ്പികളും മക്കളെ പുതപ്പിച്ച് പിതാവ് തിരികപ്പോയി"- നതാലിയ പറഞ്ഞു.
അതിര്‍ത്തി കടന്ന് കുട്ടികളെ അവരുടെ അമ്മയെ ഏല്‍പ്പിക്കുക എന്ന ഉത്തരവാദിത്വമാണ് നതാലിയയ്ക്ക് നിര്‍വഹിക്കാനുണ്ടായിരുന്നത്. കുട്ടികളുടെ മാതാവ് ഇറ്റലിയില്‍ നിന്നുമെത്തി അവരെ ഏറ്റുവാങ്ങും എന്നാണ് യുവാവ് നതാലിയയെ അറിയിച്ചത്. ആ അമ്മയെ കാത്ത് ഹംഗറിയിലെ ബെറെഗ്‌സുരാനിയിൽ അഭയാര്‍ഥികള്‍ക്കായി സജ്ജീകരിച്ച ടെന്‍റിനു സമീപം അവര്‍ ബെഞ്ചിലിരുന്നു. അമ്മയുടെ കോള്‍ വന്നപ്പോള്‍ കൊച്ചുകുട്ടി കരഞ്ഞു. ഉടനെത്തുമെന്ന് അമ്മ പറഞ്ഞപ്പോള്‍ അത് സന്തോഷക്കണ്ണീരായി മാറി.
33കാരിയായ അന്ന സെമിയുക് എത്തി കുട്ടികളെ ഏറ്റുവാങ്ങി. നതാലിയയ്ക്ക് നന്ദി പറഞ്ഞു. ആ രണ്ടു സ്ത്രീകളും കെട്ടിപ്പിടിച്ച് സാഹോദര്യം പങ്കിട്ടു. അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. എല്ലാം ശരിയാകുമെന്നും ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ വീട്ടിലേക്ക് മടങ്ങാമെന്നും ആ സ്ത്രീകള്‍ കുട്ടികളെ ആശ്വസിപ്പിച്ചു.
കുട്ടികളെ അവരുടെ അമ്മയെ ഏല്‍പ്പിച്ചതോടെ നതാലിയ വീണ്ടും തനിച്ചായി. രണ്ടു മക്കളുണ്ട് നതാലിയയ്ക്ക്. ഒരാള്‍ പൊലീസും മറ്റൊരാള്‍ നഴ്സുമാണ്. ഇരുവര്‍ക്കും യുദ്ധഭൂമിയില്‍ ഉത്തരവാദിത്വമുള്ളതിനാല്‍ അതിര്‍ത്തി കടക്കാനാവില്ല.