യു.എസ് മുൻ പ്രസിഡന്റ് ട്രംപിന് നേരെ ആക്രമണ ശ്രമം

ഫ്‌ളോറിഡ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ക്ലബ്ബിലാണ് വെടിവെപ്പുണ്ടായത്.

Update: 2024-09-16 01:03 GMT
Advertising

വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ ആക്രമണ ശ്രമം. ഫ്‌ളോറിഡ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ക്ലബ്ബിലാണ് വെടിവെപ്പുണ്ടായത്. ട്രംപ് ഗോൾഫ് കളിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

ഗോൾഫ് ക്ലബ്ബിൽ വെടിവെപ്പുണ്ടായതായി ട്രംപിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ എക്‌സിൽ സ്ഥിരീകരിച്ചു. ട്രംപിന് സമീപമുണ്ടായ വെടിവെപ്പിൽ അദ്ദേഹം സുരക്ഷിതനാണെന്ന് പ്രചാരണ വിഭാഗത്തിന്റെ കമ്യൂണിക്കേഷൻ ഡയറക്ടർ സ്റ്റീവൻ ചങ് അറിയിച്ചു.

ഗോൾഫ് കളിക്കുകയായിരുന്ന ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോൾഫ് കോഴ്‌സ് ഭാഗികമായി അടച്ചിരുന്നു. തോക്കുമായി മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ.

പ്രതിക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ച് വെടിയുതിർത്തെങ്കിലും എസ്‌യുവിയിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് പിന്തുടർന്ന് കീഴ്‌പ്പെടുത്തി. ഹവായ് സ്വദേശിയായ റയൻ വെസ്ലി റൗത്ത് (58) ആണ് പിടിയിലായത്. തോക്ക്, രണ്ട് ബാക്ക്പാക്കുകൾ, ഗോപ്രോ കാമറ തുടങ്ങിയവ ഇയാൾ മറഞ്ഞിരുന്ന സ്ഥലത്തുനിന്ന് കണ്ടെടുത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News