റഫയിലെ ആക്രമണം: ഇസ്രായേൽ നിയന്ത്രണരേഖ മറികടന്നിട്ടില്ലെന്ന് അമേരിക്ക
വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി ഫലസ്തീൻ അനുകൂല സംഘടനകൾ
വാഷിങ്ടൺ: തെക്കൻ ഗസ്സയിലെ റഫയിൽ തങ്ങളുടെ അതിർവരമ്പുകൾ മറികടന്ന് ഇസ്രായേൽ ആക്രമണങ്ങൾ നടത്തിയിട്ടില്ലെന്ന് അമേരിക്ക. അതേസമയം, ടെന്റ് ക്യാമ്പിലുണ്ടായ ആക്രമണം സംബന്ധിച്ചുള്ള അന്വേഷണം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ഫലസ്തീൻ സിവിലയൻമാരുടെ ദുരവസ്ഥക്ക് നേരെ അമേരിക്ക കണ്ണടക്കുന്നില്ലെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ടെന്റ് ക്യാമ്പിലുണ്ടായ സംഭവം ദുരന്തപൂർണമായ തെറ്റാണെന്ന് ഇസ്രായേൽ സമ്മതിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള ആക്രമണം ഇപ്പോഴും റഫയിൽ ഇസ്രായേൽ നടത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രായേലിന് സഹായം നൽകുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് പേർ ചൊവ്വാഴ്ച വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി ഒത്തുകൂടി. ഫലസ്തീനിയൻ യൂത്ത് മൂവ്മെന്റ്, പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷൻ, മേരിലാൻഡ് ഫോർ ഫലസ്തീൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
‘സ്വതന്ത്ര ഫലസ്തീൻ’, ‘ഇസ്രായേലി വർണ്ണവിവേചനത്തിനുള്ള എല്ലാ യു.എസ് സഹായവും അവസാനിപ്പിക്കുക’, ‘എല്ലാ കണ്ണുകളും റഫയിലേക്ക്’, ‘ഈ കശാപ്പ് നിർത്തുക’ തുടങ്ങിയ ബാനറുകളുമേന്തിയാണ് പ്രതിഷേധക്കാർ എത്തിയത്. റഫയിൽ ബോംബിടുന്നത് നിർത്തുക, അധിനിവേശം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ഇവർ മുഴക്കി.
അതേസമയം, ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെ കരട് അൾജീരിയ അവതരിപ്പിച്ചു. ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കുകയും റഫയിലെ സൈനിക ആക്രമണം ഇസ്രായേൽ ഉടനടി നിർത്തണമെന്നും കരടിൽ ആവശ്യപ്പെടുന്നുണ്ട്.